റിയാദ്- സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ എയർപോർട്ടിനും നേരെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ നടത്തിയ ഭീകരാക്രമണത്തിൽ അവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി.
റിയാദ്, അബഹ വിമാനത്താവളങ്ങളില്‍ ഹൂത്തികളുടെ ആക്രമണം; മൂന്നു മരണം, 39 പേര്‍ക്ക് പരിക്ക്
ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് സംയുക്ത സഖ്യസേന നൽകിയത്. റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ച സൻആയിലെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചിംഗ് പ്ലാറ്റ്ഫോം സേന തകർത്തു. കൂടാതെ സഅ്ദ, ഹുദൈദ, അൽജൗഫ്, മാരിബ് എന്നീ ഗവർണറേറ്റുകളിലെ ഹൂത്തി മിലീഷ്യയുടെ 82 സൈനിക ലക്ഷ്യങ്ങൾ ബോംബിട്ട് തകർക്കുകയും ചെയ്തു. സഅ്ദയിലെ പർവ്വതപ്രദേശങ്ങളിലെ 11 ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ആശയവിനിമയ സംവിധാനങ്ങൾ, ആയുധ ഡിപ്പോകൾ, ഹൂത്തി ആസ്ഥാനങ്ങൾ എന്നിവ തകർത്തവയിൽ ഉൾപ്പെടുന്നു.







