ജിദ്ദ – സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം. ഇന്ന് പുലര്‍ച്ചെ 11 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണത്തിന് ശ്രമിച്ചത്. ഇവയെല്ലാം സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തു. മിസൈല്‍ അവശിഷ്ടങ്ങള്‍ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു സമീപം പതിച്ചതായും നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ നടന്നുവരികയാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.


ചൊവ്വാഴ്ച രാവിലെ, സൗദി സിവില്‍ ഡിഫന്‍സ് നാഷണല്‍ എമര്‍ജന്‍സി ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് അലേര്‍ട്ടുകള്‍ നല്‍കി. അല്‍പ സമയത്തിനു ശേഷം അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. തങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് തുടരാനും ഒത്തുകൂടുന്നത് ഒഴിവാക്കാനും ആക്രമണങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ പകർത്തരുതെന്നും അപകടമേഖലകളില്‍ നിന്ന് അകന്നു നില്‍ക്കാനും സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.



