ദുബൈ– 2025 ലെ ഏഷ്യാ കപ്പ് ക്രികറ്റ് ടൂർണമെൻ്റ് യുഎഇയിൽ സെപ്റ്റംബർ 9 മുതൽ 28 വരെ നടക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് മൊഹ്‌സിൻ നഖ്‌വി. ധാക്കയിൽ നടന്ന എസിസിയുടെ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
“യുഎഇയിൽ നടക്കുന്ന എസിസി പുരുഷ ഏഷ്യാ കപ്പ് 2025 ന്റെ തീയതികൾ സ്ഥിരീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഈ അഭിമാനകരമായ ടൂർണമെന്റ് നടക്കുക. ക്രിക്കറ്റിന്റെ ഒരു മികച്ച പ്രകടനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു! വിശദമായ ഷെഡ്യൂൾ ഉടൻ പുറത്തിറങ്ങും.” എസിസി പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ചെയർമാനുമായ മുഹ്സിൻ നഖ്‌വി എക്‌സിൽ കുറിച്ചു.
ഇന്ത്യയ്ക്ക് ഔദ്യോഗിക ആതിഥേയത്വ അവകാശങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലാകും മത്സരങ്ങൾ നടക്കുക. എട്ട് ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, ഹോങ്കോംഗ് എന്നിവർ പങ്കെടുക്കും.
ടൂർണമെന്റിൽ ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാൽ, ആരാധകർക്ക് മൂന്ന് തവണ ഇരു ടീമുകൾ ഏറ്റുമുട്ടുന്നത് കാണാൻ കഴിയും. ഗ്രൂപ്പ് ഘട്ടത്തിലും, സൂപ്പർ ഫോറിലും, ഒരുപക്ഷേ ഫൈനലിലും കാണാൻ സാധിച്ചേക്കും. 2026 ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഒരു പ്രധാന തയ്യാറെടുപ്പ് വേദി കൂടിയാണ് 2025 ഏഷ്യാ കപ്പ് ടൂർണമെൻ്റ്.
https://x.com/MohsinnaqviC42/status/1949064032809337266