ദുബൈ – ഏഷ്യകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ബംഗ്ലാദേശിന് ഏഴു വിക്കറ്റിന്റെ ജയം. അബുദബിയിലെ ശൈഖ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കുഞ്ഞന്മാരായ ഹോങ്കോങിനെയാണ് ബംഗ്ലാ കടുവകൾ തകർത്തത്. ഇതോടെ ഗ്രൂപ്പ് റൗണ്ടിലെ കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റ ഹോങ്കോങ് പുറത്താകുമെന്ന് ഉറപ്പായി. തിങ്കളാഴ്ച ശ്രീലങ്കക്ക് എതിരെയാണ് ഇവരുടെ അവസാന മത്സരം.
ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് നിസാക്കത്ത് ( 40 പന്തിൽ 42), സീഷൻ അലി ( 34 പന്തിൽ 30), ക്യാപ്റ്റൻ യാസിം മുർത്തസ ( 19 പന്തിൽ 28) എന്നിവരുടെ മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. തസ്കിൻ അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, റിഷാദ് ഹൊസൈൻ എന്നിവർ കടുവകൾക്ക് വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശ് 14 പന്തുകൾ ബാക്കി നിൽക്കേ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ പർവേസ് ഹൊസൈൻ (19), തൻസീദ് ഹസൻ (14) എന്നിവരെ പെട്ടെന്നു നഷ്ടപ്പെട്ടങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റൻ ലിറ്റൺ ദാസ് ( 39 പന്തിൽ 59 ), തൗഹിദ് ഹൃദയ് ( പുറത്തകാതെ 36 പന്തിൽ 35 ) എന്നിവർ ചേർന്ന് ടീമിനെ വിജയത്തിൽ എത്തിച്ചു. വിജയത്തിന് അരികെ ലിറ്റണിന്റെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ക്യാപ്റ്റൻ ലിറ്റൺ തന്നെയാണ് മത്സരത്തിലെ താരവും. എതിരാളികൾക്ക് വേണ്ടി അതീഖ് ഇഖ്ബാൽ രണ്ടു വിക്കറ്റ് നേടി.
ഇന്ന് നടക്കുന്ന മത്സരത്തിൽ ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒമാൻ കരുത്തരായ പാകിസ്ഥാനെ നേരിടും. ഇന്ത്യൻ വംശജനായ ജതീന്ദർ സിംഗ് നയിക്കുന്ന ഒമാൻ ആദ്യമായാണ് ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. അതിനാൽ പാകിസ്ഥാനെ അട്ടിമറിച്ചു തുടങ്ങുക എന്നതും തന്നെയാകും ലക്ഷ്യം. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യ ടെസ്റ്റ് വിജയം നേടി കൊടുത്ത ദുലീപ് മെൻഡിസാണ് ഒമാൻ ടീമിന്റെ പരിശീലകൻ. അതിനാൽ തന്നെ മറ്റൊരു ചരിത്ര വിജയത്തിന് മെൻഡിസിന്റെ കീഴിൽ ഇറങ്ങുന്ന ഒമാൻ കഴിയുമോ എന്നു കണ്ടറിയാം.
മറു ഭാഗത്ത് പാകിസ്ഥാനെ നോക്കുമ്പോൾ ത്രിരാഷ്ട്ര പരമ്പരയിൽ കീരിടം നേടിയാണ് വരവ്. ബൗളിംഗ് നിര മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും തിരിച്ചടിയാകുന്നത് താരങ്ങളുടെ ബാറ്റിങിലെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ്.