ദുബൈ– ഏഷ്യാ കപ്പ് ടൂര്‍ണമെന്റിൽ ഇന്ത്യ- പാകിസ്ഥാൻ മത്സരം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് കെണിയായി വ്യാജ ടിക്കറ്റ് വിൽപനക്കാർ. ഏകദേശം 263,150 രൂപ വില വരുന്ന വ്യാജ ടിക്കറ്റ് വരെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ പേരിൽ വിറ്റതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. നിരവധി വെബ്സൈറ്റുകളാണ് മത്സരത്തിനുള്ള പാസുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ നിമിഷ നേരം കൊണ്ട് വിറ്റുപോവാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ടിക്കറ്റുകൾ എത്തും മുമ്പേ വ്യാജന്മാർ സജീവമായത്.


‘ഏഷ്യ കപ്പ് ടിക്കറ്റ് ഇന്ത്യ പാകിസ്ഥാൻ’ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ തന്നെ വ്യാജ ടിക്കറ്റുകൾ വിൽക്കുന്ന നിരവധി വെബ്സൈറ്റുകളാണ് കാണിക്കുന്നത്. ഔദ്യോഗിക ടിക്കറ്റുകൾ ഇതുവരെ വിൽക്കാൻ തുടങ്ങിയിട്ടില്ല. ടിക്കറ്റുകൾ എപ്പോൾ പുറത്തിറക്കുമെന്നും ഇതുവരെ പ്രഖ്യാപനവും ഉണ്ടായിട്ടില്ല. എന്നാലും പാസുകൾ ഉടൻ വിൽപ്പനയ്‌ക്കെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം സെപ്റ്റംബര്‍ 14-ന് ദുബൈയില്‍ വെച്ചാണ് നടക്കുന്നത്. പോരാട്ടം കാണാനുള്ള വലിയ ആവേശത്തിലാണ് ആരാധകർ. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.