ദുബൈ– ജനസംഖ്യ വർധിക്കുന്നതിന് അനുസരിച്ച് യുഎഇയിൽ വാഹനങ്ങളുടെ എണ്ണവും കൂടുന്നതായി റിപ്പോർട്ട്. ദുബൈയിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. 4.56 ദശലക്ഷം വാഹനങ്ങളാണ് 2025 ജൂണിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത്. 2024 ജൂണിൽ 4.17 ദശലക്ഷം വാഹനങ്ങളുമായിരുന്നു രജിസ്റ്റർ ചെയ്തത്. അതായത്, വർഷം തോറും 9.35 ശതമാനത്തോളം വാഹനങ്ങളുടെ വർധനവാണ് ഉണ്ടാകുന്നത്. ഏകദേശം 390,000 വാഹനങ്ങളാണ് അധികം ഒരു വർഷത്തിനിടെ റോഡുകളിൽ നിരത്തിലിറങ്ങിയത്.
2025 ലെ രണ്ടാം പാദത്തിൽ ദുബൈയിലെ വാഹന രജിസ്ട്രേഷനുകൾ 2% മാണ് വർധിച്ചത്. നഗരത്തിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയാണ് ഇതിനുപിന്നിൽ. 2024 ജൂൺ മുതൽ 2025 ജൂൺ വരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ജനസംഖ്യ 208,000-ത്തിലധികം വർധിച്ചതായി കാണാം. പകൽ സമയങ്ങളിൽ മാത്രം ദുബൈയിൽ 3.5 ദശലക്ഷം വാഹനങ്ങൾ റോഡുകളിൽ ഇറങ്ങുന്നുണ്ടെന്ന് ആർടിഎ സൂചിപ്പിക്കുന്നു. വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറന്ന് താമസക്കാർ തിരിച്ചെത്തുന്നതോടെ ഗതാഗതക്കുരുക്ക് ഇനിയും വർധിക്കുമെന്നാണ് നിഗമനം.