മക്ക– നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫയാണ് നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്. അയൽവാസിയായ സുഹൃത്ത് മക്കയിലെ രോഗിയായ സുഹൃത്തിന് നൽകാനായി കൊടുത്തുവിട്ട വേദനാസംഹാരിഗുളികയാണ് പ്രശ്‌നമായത്.
ഉംറക്കായെത്തിയതായിരുന്നു അരീക്കോട് സ്വദേശി മുസ്തഫയും കുടുംബവും. കൈയ്യിൽ അയൽക്കാരൻ തന്റെ സുഹൃത്തിനു കൊടുക്കാൻ വേണ്ടി ഏൽപ്പിച്ച ഷുഗറിനുള്ള മരുന്നുമുണ്ടായിരുന്നു.എന്നാൽ അത് മുസ്തഫയെ എത്തിച്ചത് ജയിലിലേക്കായിരുന്നു. സൗദി അറേബ്യയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമം കർശനമാക്കിയതായി ഭരണകൂടം പലതവണ അറിയിച്ചിട്ടുള്ളതായിരുന്നു. പക്ഷേ അതു സംബന്ധിച്ച ജാഗ്രതാ കുറവ് മുസ്തഫക്കും കുടുംബത്തിനുമുണ്ടാക്കിയത് വലിയ ദുരിതമാണ്.
നാട്ടിൽ ജോലി ചെയ്ത് ഒരുമിച്ചു കൂട്ടിയ കൂട്ടിയ പണവുമായി ഉംറയ്ക്ക് യാത്ര തിരിച്ചതായിരുന്നു മുസ്തഫ. ഭാര്യയും രണ്ടു മക്കളുമടക്കം സ്വകാര്യ ഗ്രൂപ്പ് വഴി കഴിഞ്ഞ വർഷം ജൂലൈ 24 നാണ് ഇവർ യാത്ര തിരിച്ചിരുന്നത്. ജിദ്ദയിൽ വിമാനമിറങ്ങിയപ്പോൾ പക്ഷേ എല്ലാം മാറി മറിയുകയായിരുന്നു. അയൽവാസി അവരുടെ പരിചയക്കാരനു കൊടുക്കാൻ ഏൽപ്പിച്ചിരുന്ന ഷുഗറിനുള്ള മരുന്നായ ഗാബാപെന്റിൻ എയർപ്പോർട്ടിൽ വെച്ച് തന്നെ അധികൃതർ പിടികൂടുകയായിരുന്നു പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന ന്യൂറോപതിക് വേദന സംഹാരിയായ ഗാബാപെന്റിന്റെ 180 ഗുളികകളാണ് കൈയ്യിൽ ഉണ്ടായിരുന്നത്. സൗദിയിൽ പൂർണ്ണമായ നിരോധനമുള്ള മരുന്നായിരുന്നില്ല ഇത്. പക്ഷേ മയക്കുമരുന്ന് രോഗികളും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. ഇതിനാൽ തന്നെ കടുത്ത നിയന്ത്രണങ്ങളുള്ളവയാണ്. സൗദിയിൽ നിന്നും ഡോക്ടർമാർ എഴുതി കൊടുത്താൽ മാത്രം കുറഞ്ഞ അളവിൽ ഇത് അനുവദുക്കുകയുണ്ടായിരുന്നുള്ളു. ഈ മരുന്നാണ് 180 എണ്ണം ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. ഇതോടെ ഇയാളെ ജിദ്ദാ വിമാനത്താവളം കസ്റ്റംസ് പിടികൂടി ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിനു കൈമാറി. തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു.
ആദ്യ യാത്രയായിരുന്നതിനാൽ അറിവില്ലായ്മയും, ഭാഷാ തടസ്സങ്ങളും തനിക്ക് വിനയായെന്നാണ് മുസ്തഫ പറയുന്നത്. എന്താണ് താൻ കൊണ്ടുവന്നത് എന്നു പോലും അദ്ദേഹത്തിനറിയില്ലായിരുന്നു.
പിന്നീട് മലയാളി ട്രാൻസലേറ്ററെ ജയിലിലേക്കെത്തിക്കുകയും തൊട്ടുപിന്നാലെ മരുന്ന് എത്തിക്കേണ്ടിയിരുന്ന സുഹൃത്തും പൊലീസിൽ ഹാജറായി. തുടർന്ന് നാട്ടുകാരുടെയും മറ്റും സഹായങ്ങൾ ലഭിച്ചു. ശേഷം ഭാര്യയെയും മക്കളെയും വിട്ടയച്ചു.നാലര മാസത്തെ നിയമനടപടികൾക്കു ശേഷം തന്റെ നിരപരാധിത്വം തെളിയുകയായിരുന്നു. ഒരു വർഷം എടുത്താണ് കേസിന്റെ നടപടികൾ പൂർത്തിയാക്കിയത്.ഇതോടെയാണിപ്പോൾ മുസ്തഫക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുങ്ങുന്നത്