റിയാദ് – ഇറാനുമായി ഭാവിയിൽ ഉണ്ടാക്കുന്ന ഏതൊരു കരാറിലും ഗൾഫ് രാജ്യങ്ങളുടെ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ തന്നെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ ആക്രമണങ്ങൾ ഗൾഫ് മേഖലയുടെ മാത്രം പ്രശ്നമല്ലെന്നും അത് ലോകത്തിന്റെ സുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അതുകൊണ്ട് തന്നെ ഇറാനുമായുള്ള കരാറുകൾ വെറും ആണവ വിഷയത്തിൽ മാത്രം ഒതുങ്ങാതെ ഇറാന്റെ പ്രാദേശിക ഇടപെടലുകളെയും മിസൈൽ പദ്ധതികളെയും കൂടി ഉൾക്കൊള്ളുന്നതാകണം.
ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ഇപ്പോൾ ലോക സുരക്ഷയുമായി ചേർന്നുനിൽക്കുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യോമാതിർത്തികൾ, പ്രധാന സ്ഥാപനങ്ങൾ, ഊർജ്ജ നിലയങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം അനിവാര്യമാണ്. ലോകത്തെ എണ്ണയുടെ 20 ശതമാനത്തിലധികം കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ ഇതിൽ ഏറ്റവും പ്രധാനമാണ്. ജനങ്ങളെയും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ഭീഷണികളെ നേരിടാൻ ജിസിസി രാജ്യങ്ങൾക്കിടയിൽ കൂടുതൽ സൈനിക സഹകരണം ആവശ്യമാണ്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ വെല്ലുവിളികളെ നേരിടാൻ വേഗതയേറിയ സംവിധാനങ്ങൾ ഒരുക്കണമെന്നും പ്രതിരോധ കാര്യങ്ങൾ ചർച്ച ചെയ്യാൻ ജിസിസി രാജ്യങ്ങൾ യോഗം ചേർന്നതായും അദ്ദേഹം അറിയിച്ചു. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ജാസിം അൽബുദൈവി കൂട്ടിച്ചേർത്തു.



