ദോഹ– ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി ‘അങ്കമ്മാൾ’. പെരുമാൾ മുരുകൻ എഴുതിയ പ്രശസ്ത തമിഴ് നോവൽ കൊടിത്തുണിയെ ആസ്പദമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത തമിഴ് സിനിമയാണ് അങ്കമ്മാൾ. ഒരു ഗ്രാമീണ സ്ത്രീയുടെ ജീവിതത്തിലെ ദുരിതങ്ങളും പ്രത്യാശകളും പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
എൻജോയ് ഫിലിംസിന്റെയും ഫിറോ മൂവി സ്റ്റേഷന്റെയും ബാനറിൽ റിലീസ് ചെയ്ത ചിത്രം ഖത്തർ പ്രവാസികളായ ഷംസുദ്ദീൻ ഖാലിദ്, അനു അബ്രഹാം ,ഛായാഗ്രാഹകനായ അൻജോയ് സാമുവൽ, നടൻ ഫിറോസ് റഹീം എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 2024 ഒക്‌ടോബറിൽ മുംബൈയിൽ നടന്ന മാമി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം ചിത്രം പ്രദർശിപ്പിച്ചത്. പിന്നീട് ഡിസംബറിൽ ഐഎഫ്എഫ്‌കെയിൽ ‘ഇന്ത്യൻ സിനിമ ഇന്ന്’ എന്ന വിഭാഗത്തിലൂടെ ആസ്വാദകരിലെത്തി.
ഡയലോഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവൽ, ഗുവാഹത്തി ബ്രഹ്മപുത്ര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലും പ്രദർശിപ്പിച്ചു. ന്യുയോർക്ക് ഇന്ത്യൻ ഫെസ്റ്റിവൽ വിദേശത്തെ ആദ്യ പ്രദർശനമായിരുന്നു.മുഖ്യ കഥാപാത്രമായ അങ്കമ്മാളായി അഭിനയിചിരിക്കുന്നത് ഗീതാ കൈലാസമാണ്. ഭരണി, ശരൺ, മുല്ലയരസി, തെൻട്രൽ രഘുനന്ദൻ എന്നിവർ പ്രധാനവേഷങ്ങളിലുണ്ട്.
ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രശസ്തഗായകൻ മക്ബൂൽ മൻസൂർ ആണ് സംഭാഷണം: സുധാകർ ദാസ് , എഡിറ്റർ: പ്രദീപ് ശങ്കർ, ശബ്ദ സംവിധാനം: ലെനിൻ വലപ്പാട് , ശബ്ദ മിശ്രണം: കൃഷ്ണനുണ്ണി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ.തിരുനെൽവേലിക്കടുത്ത് ദേവനെല്ലൂർ, പത്മവേലി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും മലയാളികളാണ്. ആഗസ്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ.