അബുദാബി- ലുലു ഗ്രൂപ്പിന്റെ അബുദാബി ഹൈപ്പര്‍ മാര്‍ക്കറ്റിൽ ഒന്നരക്കോടിയുടെ തിരിമറി നടത്തി കണ്ണൂർ സ്വദേശി(മുങ്ങിയതായി പരാതി. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് പരാതി. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായിരുന്നു മുഹമ്മദ് നിയാസ്. ഇയാൾ കഴിഞ്ഞ വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്.
ഇക്കഴിഞ്ഞ 25ന് ഉച്ചക്ക് ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന നിയാസ് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇയാളെ സംബന്ധിച്ച് വിവരം ലഭിച്ചില്ല.
ഇതിനിടെ ഇയാളുടെ ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് പോയെന്ന സൂചനയും ലഭിച്ചു. തുടർന്ന് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍നിന്ന് ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് കണ്ടുപിടിച്ചത്. ഇതോടെയാണ് പണവുമായി ഇയാൾ മുങ്ങിയെന്ന് സ്ഥിരീകരിച്ചത്. ഇയാൾ ക്യാഷ് ഓഫിസില്‍ ജോലിചെയ്യുന്നതുകൊണ്ട് പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതിനാൽ നിയാസിന് യുഎഇ വിട്ടുപോകാനാകില്ല. ഇയാൾ രാജ്യത്ത് തന്നെയുണ്ടെന്നാണ് പോലീസ് കരുതുന്നത്.