റിയാദ്: വിദ്യാർഥി മനസ്സുകളിൽ ജനാധിപത്യ ബോധം വളർത്തി അലിഫ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ഉജ്ജ്വല പരിസമാപ്തി. ജനാധിപത്യ പ്രക്രിയകളെ വിദ്യാർത്ഥി മനസ്സുകളിൽ സന്നിവേശിപ്പിച്ച് മികച്ച നേതൃത്വത്തെ ഭരണസംവിധാനം ഏൽപ്പിക്കുന്ന അലിഫ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി.
തിരിച്ചറിയൽ രേഖ പോളിംഗ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിച്ച് മഷിപുരണ്ട വിരലുമായി സമ്മതിദാനാവകാശം വിനിയോഗിച്ച് പുറത്തിറങ്ങിയ വിദ്യാർഥികൾക്ക് തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും അവിസ്മരണീയമായി.
വിജ്ഞാപനം പുറപ്പെടുവിച്ചതു മുതൽ ഫലപ്രഖ്യാപനം വരെയുള്ള പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളെയും വിദ്യാർത്ഥികൾ ആസ്വദിച്ചു. ഹെഡ് ബോയ്, ഹെഡ് ഗേൾ, സ്പോർട്സ് മിനിസ്റ്റർ, സ്റ്റുഡൻറ് എഡിറ്റർ, വളണ്ടിയർ ക്യാപ്റ്റൻ, ഫൈൻ ആർട്സ് മിനിസ്റ്റർ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള മത്സരാർത്ഥികളുടെ നാമനിർദ്ദേശപത്രിക സമർപ്പണവും പിൻവലിക്കാനുള്ള അവസാന തീയതിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പ്രത്യേകം സജ്ജമാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വിദ്യാർത്ഥികൾ സമദാതിദാനാവകാശം വിനിയോഗിച്ചു. പോളിംഗ് ബൂത്തിന് പുറത്ത് ദൃശ്യമായ നീണ്ട നിര ജനാധിപത്യബോധത്തിന്റെ നേർചിത്രങ്ങളായി. അലിഫ് വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവരായിരുന്നു വോട്ടർമാർ. കന്നിവോട്ടർമാർക്ക് പ്രത്യേക നിർദ്ദേശങ്ങളും പരിശീലനവും നൽകിയിരുന്നു.
ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ മുഴുവൻ വിജയികളെയും പ്രഖ്യാപിച്ചു. ഫലപ്രഖ്യാപനത്തിന് അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ അഹമ്മദ് നേതൃത്വം നൽകി. സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, പ്രിൻസിപ്പൽ അബ്ദുൽ മജീദ്, പ്രധാന അധ്യാപകൻ മുഹമ്മദ് നൗഷാദ് നാലകത്ത്, അസിസ്റ്റൻ്റ് പ്രധാന അധ്യാപിക ഫാത്തിമ ഖൈറുന്നിസ എന്നിവർ മറ്റു വിജയികളെ പ്രഖ്യാപിച്ചു.
2024-2025 അധ്യയന വർഷത്തെ ഹെഡ് ബോയിയായി സയാനുള്ള ഖാനെയും ഹെഡ്ഗേളായി ഫാത്തിമ സൻഹയെയും തിരഞ്ഞെടുത്തു. മറ്റു വിജയികൾ ബോയ്സ് ഗേൾസ് എന്ന ക്രമത്തിൽ: സ്പോർട്സ് മിനിസ്റ്റർ: ശാദിൻ ബഷീർ, നിമ്ര ഫാത്തിമ സ്റ്റുഡൻറ് എഡിറ്റർ: അസ് ലഹ് മുഹമ്മദ്, ഇമാമ സാബിർ, ഫൈൻ ആർട്സ് മിനിസ്റ്റർ: ഫിദൽ മുഹമ്മദ്, അഫ്രീൻ ഫാത്തിമ വളണ്ടിയർ ക്യാപ്റ്റൻ: മുഹമ്മദ് വഖാസ്, റിദ ഫാത്തിമ.
അലിഫ് പാർലമെൻ്റ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ കോഡിനേറ്റർമാരായ മുഹമ്മദ് ആഷിഫിനെയും ഫാത്തിമ രിഫാനെയെയും അലിഫ് മാനേജ്മെൻ്റ് അഭിനന്ദിച്ചു.