റിയാദ്- ഏപ്രില്‍ 26 നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെഎംസിസി അല്‍ഖര്‍ജ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. റൗദ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ചേളാരിയുടെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് മെമ്പര്‍ മുജീബ് ഉപ്പട ഉദ്ഘാടനം ചെയ്തു.
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ നമ്മുടെയും കുടുംബത്തിന്റെയും മറ്റും വോട്ട് യുഡിഎഫിന് ഉറപ്പിക്കുന്നതിനു വേണ്ടി പരിശ്രമിക്കണമെന്നും ഇന്ത്യ മുന്നണിക്ക് അനുകൂലമായി വരുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസി സുഹൃത്തുക്കളായ ഇതര സംസ്ഥാനക്കാരെയും ഇതിന്റെ ഗൗരവം ഓര്‍മ്മപ്പെടുത്തി ജനാധിപത്യത്തെ തിരിച്ചുപിടിക്കാന്‍ നമ്മളാല്‍ കഴിയുന്ന പ്രവര്‍ത്തനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ചുങ്കത്തറ പഞ്ചായത്ത് പ്രവാസി ലീഗ് സെക്രട്ടറിയും അല്‍ഖര്‍ജ് കെഎംസിസി മുന്‍പ്രസിഡന്റുമായ കെവിഎ അസീസ് ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി.
വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് അഴിമതിയും ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തി ഭരിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രചരണം നടത്തി സൗദി കെഎംസിസി ആഹ്വാനം ചെയ്ത ‘വണ്‍ കോള്‍ വണ്‍ വോട്ട്’ പദ്ധതി കൃത്യമായി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റിയാദ് തവനൂര്‍ മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് യൂസഫ് തവനൂര്‍ മുഖ്യാതിഥിയായി. അല്‍ഖര്‍ജ് കെഎംസിസി മുന്‍ പ്രസിഡന്റ് യൂസഫ് ഫൈസി, ചെയര്‍മാന്‍ ജലീല്‍ കരിമ്പില്‍, അബ്ദുല്ല വെള്ളമുണ്ട, സക്കീര്‍ പറമ്പത്ത്, ഷഫീഖ് ചെറുമുക്ക് എന്നിവര്‍ സംസാരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് പുന്നക്കാട് നന്ദിയും പറഞ്ഞു.