ജിദ്ദ – സൗദി അറേബ്യയിലെ പ്രമുഖ ഫാര്‍മസി ശൃംഖലകളായ അല്‍നഹ്ദി മെഡിക്കല്‍ കമ്പനിയും അല്‍ദവാ മെഡിക്കല്‍ സര്‍വീസസും തമ്മിലുള്ള നിയമവിരുദ്ധമായ ഒത്തുകളി പുറത്തുകൊണ്ടുവന്ന് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ (GAC). പുറമെ കടുത്ത മത്സരം അഭിനയിക്കുമ്പോഴും, മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും വിലകൾ പരസ്പര ധാരണയിലൂടെ നിശ്ചയിച്ച് ഉപഭോക്താക്കളെ വഞ്ചിച്ചതിനാണ് ഇരു കമ്പനികൾക്കും വൻ തുക പിഴ ചുമത്തിയത്. സൗദിയിലെ ഫാർമസി വിപണിയുടെ പകുതിയോളം വിഹിതം കൈയ്യാളുന്ന ഈ രണ്ട് ഭീമന്മാരും കോംപറ്റീഷൻ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതനുസരിച്ച് അല്‍നഹ്ദിക്ക് 38,39,026 റിയാലും അല്‍ദവായ്ക്ക് 18,47,541 റിയാലുമാണ് പിഴ വിധിച്ചത്. അല്‍നഹ്ദിക്ക് കീഴിൽ 1,218 ഫാര്‍മസികളും അല്‍ദവായ്ക്ക് കീഴിൽ ആയിരത്തോളം ഫാര്‍മസികളും പ്രവർത്തിക്കുന്നുണ്ട്. 2025-ലെ മൂന്നാം പാദത്തിൽ ഈ കമ്പനികളുടെ സംയോജിത വരുമാനം ഏകദേശം 1,260 കോടി റിയാലിലെത്തിയിട്ടും, നിലവിൽ ചുമത്തിയ ചെറിയ പിഴകൾ ഭാവിയിൽ ഇത്തരം പ്രവണതകൾ തടയാൻ പര്യാപ്തമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.
മാർക്കറ്റിംഗ് കാമ്പെയ്‌നുകളിലും ശാഖകൾ വ്യാപിപ്പിക്കുന്നതിലും പരസ്പരം മത്സരിക്കുന്നുവെന്ന് തോന്നിപ്പിച്ചെങ്കിലും, ഉൽപ്പന്നങ്ങളുടെ വിലയിൽ ഇവർ തമ്മിൽ രഹസ്യ ധാരണ ഉണ്ടായിരുന്നുവെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. മരുന്ന് വിപണി പോലെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന അതീവ ജാഗ്രത വേണ്ട മേഖലയിലെ ഇത്തരം കുത്തകവൽക്കരണവും വില വർധനവും വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ തകർക്കുന്നതാണ്. ഇതേ മാതൃകയിൽ പരസ്പര ധാരണയിലൂടെ വില നിശ്ചയിച്ച് വിപണിയെ വഞ്ചിച്ച അഡ്വർടൈസിംഗ് മേഖലയിലെ മൂന്ന് കമ്പനികൾക്കും അതോറിറ്റി പിഴ ചുമത്തിയിട്ടുണ്ട്. അല്‍ഹദീസ അഡ്വര്‍ടൈസിംഗ് (70.88 ലക്ഷം റിയാൽ), ഫാദന്‍ അഡ്വര്‍ടൈസിംഗ് (16.81 ലക്ഷം റിയാൽ) എന്നിവർ ചേർന്ന് രൂപീകരിച്ച മോജത്ത് അല്‍അസര്‍ (55.30 ലക്ഷം റിയാൽ) എന്ന കമ്പനിക്കാണ് പിഴ ലഭിച്ചത്. ഇവരുടെ ഭരണപരവും പ്രവർത്തനപരവുമായ ബന്ധങ്ങൾ സ്വതന്ത്ര ബിസിനസ് തീരുമാനങ്ങളെ അട്ടിമറിച്ചതായും അതോറിറ്റി കണ്ടെത്തി. സുതാര്യത ഉറപ്പാക്കാനും വിപണിയിലെ നീതിപൂർവമായ മത്സരം സംരക്ഷിക്കാനുമാണ് നിയമലംഘകരുടെ പേരുകളും വിവരങ്ങളും പരസ്യപ്പെടുത്തിയതെന്ന് അതോറിറ്റി അറിയിച്ചു.



