ദോഹ– ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്‌ലാമിയയുടെ പൂർവവിദ്യാർത്ഥി സംഘടനയായ അൽ ജാമിഅഃ അലുമ്നി അസോസിയേഷൻ – ഖത്തർ ചാപ്റ്ററിന്റെ വാർഷിക സംഗമം മൻസൂറയിലെ സിഐസി ഹാളിൽ നടന്നു. അൽ ജാമിഅഃ അൽ ഇസ്‌ലാമിയ അലുമ്നി അസോസിയേഷൻ സെൻട്രൽ പ്രസിഡന്റ് ഡോ. എ. എ. ഹലീം സംഗമം ഉദ്ഘാടനം ചെയ്തു. പുതിയ കാലം ആവശ്യപ്പെടുന്ന സുപ്രധാന ചുവടുവെപ്പാണ് അൽ ജാമിഅയുടെ ‘നോളജ് വേൾഡ്’ പദ്ധതി എന്നും, ഖത്തർ ചാപ്റ്ററിന്റെ അകമഴിഞ്ഞ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.
വൈജ്ഞാനിക പിൻബലവും ബൗദ്ധിക പ്രാപ്തിയുമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ അൽ ജാമിഅ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ ചാപ്റ്റർ മുഖ്യ രക്ഷാധികാരി ഡോ. താജ് ആലുവ സംഗമത്തിന് അധ്യക്ഷത വഹിച്ചു. അലുമ്നി പ്രസിഡന്റ് നിസാർ വേങ്ങര സ്വാഗതം പറഞ്ഞു. ജസൽ താജുദ്ദീന്റെ ഖുർആൻ പാരായണത്തോടെ പരിപാടി ആരംഭിച്ചത്.
കഴിഞ്ഞ കാലയളവിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് അവതരണം ജനറൽ സെക്രട്ടറി അബൂസ് പട്ടാമ്പി നിർവഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പി. പി. അബ്ദുൽ റഹീം, യാസർ അറഫാത്ത്, അസ്‌ലം തൗഫീഖ്, സുഹൈൽ ശാന്തപുരം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വൈസ് പ്രസിഡന്റ് സകിയ്യ നന്ദിയും പറഞ്ഞു.



