അബഹ – അബഹയില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി അസീര്‍ പ്രവിശ്യയിലെ മഹായിലില്‍ സ്ഥിതി ചെയ്യുന്ന അല്‍ഹീല പര്‍വതം ആഴമേറിയ ഭൂമിശാസ്ത്ര മൂല്യവും വളര്‍ന്നവരുന്ന വിനോദസഞ്ചാര പ്രധാന്യവും സംയോജിപ്പിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്ത അടയാളങ്ങളില്‍ ഒന്നാണ്. ഇത് ഗവേഷകരുടെയും ടൂറിസം വികസനത്തില്‍ താല്‍പ്പര്യമുള്ളവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. അല്‍ഹീല പര്‍വതത്തെ നിര്‍ജീവമായ അഗ്‌നിപര്‍വ്വതമായി തരംതിരിച്ചിട്ടുണ്ടെന്ന് ഭൂമിശാസ്ത്ര വിദഗ്ധനായ മുഹമ്മദ് ഹരീഷ് പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ടതും നിലവില്‍ നിഷ്‌ക്രിയവുമായ അഗ്‌നിപര്‍വ്വതമാണിത്. അഗ്‌നിപര്‍വ്വത മേഖലകളും സരവാത്ത് പര്‍വതനിരകള്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ പര്‍വതനിരകളും ദക്ഷിണ സൗദിയില്‍ വ്യാപിച്ചുകിടക്കുന്നു.
അല്‍ഹീല പര്‍വതത്തിന് സമുദ്രനിരപ്പില്‍ നിന്ന് 1,000 മുതല്‍ 1,500 മീറ്റര്‍ വരെ ഉയരമുണ്ട്. അതിന്റെ അഗ്‌നിപര്‍വ്വത സവിശേഷതകള്‍ വ്യക്തമായി കാണാവുന്നതാണ്. ഗര്‍ത്തങ്ങളും ലാവാ പ്രവാഹങ്ങളും കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്നു. ഇത് പ്രദേശത്തിന്റെ അഗ്‌നിപര്‍വ്വത ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന ഭൂമിശാസ്ത്ര ഭൂപ്രകൃതി സൃഷ്ടിക്കുന്നു.


നിഷ്‌ക്രിയ അഗ്‌നിപര്‍വ്വതങ്ങള്‍ വീണ്ടും സജീവമാകാന്‍ സാധ്യതയില്ല. അങ്ങിനെ സംഭവിച്ചാല്‍ തന്നെ പ്രവര്‍ത്തനം സാധാരണ നിലയില്‍ പരിമിതമായിരിക്കും. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സമീപ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ ചെറിയ ഭൂകമ്പങ്ങള്‍ ആഫ്രിക്കന്‍ റിഫ്റ്റ് വാലിയുമായി ബന്ധപ്പെട്ട ടെക്‌റ്റോണിക് പ്ലേറ്റ് ചലനത്തിന്റെ സൂചകങ്ങളാണ്. ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങള്‍ വഴി ഇവ ശാസ്ത്രീയമായി സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ടെന്നും മുഹമ്മദ് ഹരീഷ് പറഞ്ഞു.


മഹായിലിനെ എല്ലാ ദിശകളില്‍ നിന്നും അഭിമുഖീകരിക്കുന്ന ജബല്‍ അല്‍ഹീലയുടെ സവിശേഷമായ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിനെ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ കാരണമായിട്ടുണ്ടെന്ന് മഹായില്‍ അസീറിലെ താമസക്കാരനായ എഴുത്തുകാരന്‍ ഹസ്സന്‍ മൂസ ആലുഅഖീല്‍ അഭിപ്രായപ്പെടുന്നു. പബ്ലിക് പാര്‍ക്കുകള്‍ സ്ഥാപിച്ചുകൊണ്ട് ഇവിടം വികസിപ്പിക്കാന്‍ മഹായില്‍ മുനിസിപ്പാലിറ്റി മുന്‍കൈയെടുത്തു. പ്രദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദ മേഖലയായി ഇവിടം മാറിയിട്ടുണ്ട്. പിന്നീട് വ്യാപാര സ്ഥാപനങ്ങള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയും ഇവിടെ ഉയര്‍ന്നുവന്നു. ഇത് അല്‍ഹീല പര്‍വതത്തെ സാമൂഹിക കേന്ദ്രമാക്കി മാറ്റാനും നഗരത്തിന്റെ വിശാലമായ കാഴ്ച ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന തുറന്ന പാര്‍ക്കാക്കി മാറ്റാനുംസഹായിച്ചു. വിനോദസഞ്ചാര ആകര്‍ഷണം കണക്കിലെടുത്ത് ഈ നടപടികള്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ഹസ്സന്‍ മൂസ ആലുഅഖീല്‍ കൂട്ടിച്ചേര്‍ത്തു.


പ്രകൃതി, ഭൂമിശാസ്ത്ര ചരിത്രം, ടൂറിസം വികസനം എന്നിവയുടെ സംയോജനത്തിന് ജബല്‍ അല്‍ഹീല സവിശേഷ മാതൃകയാണെന്ന് വിദഗ്ധര്‍ സമ്മതിക്കുന്നു. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയുടെ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായി അല്‍ഹീല പര്‍വതം നിലകൊള്ളുന്നു. പ്രകൃതി വിഭവങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള മഹായില്‍ ഗവര്‍ണറേറ്റിന്റെ സമീപനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വികസന, ടൂറിസം കേന്ദ്രമാണ് ജബല്‍ അല്‍ഹീല.



