ജിദ്ദ – ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ കുറിച്ച് ഇറാന്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ ജി.സി.സി രാജ്യങ്ങള്‍ ശക്തമായി അപലപിക്കുന്നതായി ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു. ബഹ്റൈനിന്റെ പരമാധികാരത്തെയും ഇറാന്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗ്രേറ്റര്‍ തുന്‍ബ്, ലെസ്സര്‍ തുന്‍ബ്, അബൂമൂസ എന്നീ മൂന്ന് ദ്വീപുകളിലുള്ള യു.എ.ഇയുടെ അവകാശങ്ങളെയും കുവൈത്തിന്റെയും സൗദി അറേബ്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള അല്‍ദുറ എണ്ണപ്പാടത്തിന്റെ പരമാധികാരത്തെയും ഇറാന്‍ നേതാക്കളുടെ പ്രസ്താവനകള്‍ ലംഘിക്കുന്നു. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, നല്ല അയല്‍പക്ക ബന്ധങ്ങള്‍ സ്ഥാപിക്കുക എന്നീ തത്വങ്ങള്‍ക്ക് വിരുദ്ധമായ തെറ്റിദ്ധാരണകള്‍, തെറ്റായ അവകാശവാദങ്ങള്‍, അസ്വീകാര്യമായ ആരോപണങ്ങള്‍ എന്നിവ ഈ പ്രസ്താവനകളില്‍ അടങ്ങിയിരിക്കുന്നതായി ജി.സി.സി സെക്രട്ടറി ജനറല്‍ പ്രസ്താവിച്ചു.
ഖത്തറിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും നേരെ ആക്രമണം നടത്തി നല്ല അയല്‍പക്ക ബന്ധങ്ങളുടെ തത്വങ്ങള്‍ ഇറാന്‍ ലംഘിച്ചു. എല്ലാ തലങ്ങളിലും ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള ജി.സി.സി രാജ്യങ്ങളുടെ നിരന്തരമായ ശ്രമങ്ങള്‍ക്കും ഈ പ്രസ്താവനകള്‍ വിരുദ്ധമാണ്. നല്ല അയല്‍പക്കം, രാജ്യങ്ങളുടെ പരമാധികാരം ആദരിക്കല്‍, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കല്‍, ബലപ്രയോഗവും ഭീഷണിയും ഒഴിവാക്കല്‍ എന്നിവ അടക്കം ഐക്യരാഷ്ട്രസഭ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമവും അനുശാസിക്കുന്ന അടിസ്ഥാന തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ജി.സി.സി രാജ്യങ്ങള്‍ സ്ഥിരമായി വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും മേഖലയില്‍ പിരിമുറുക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന രീതിയില്‍ ഇറാനോടുള്ള സൗഹാര്‍ദ്ദവും ഇറാന്റെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള പ്രതിബദ്ധതയും ജി.സി.സി രാജ്യങ്ങള്‍ എല്ലായ്‌പ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. പൊതുതാല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മേഖലാ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും ജി.സി.സി രാജ്യങ്ങളും ഇറാനും തമ്മില്‍ തുടര്‍ച്ചയായ ഉഭയകക്ഷി ആശയവിനിമയം ഏറെ പ്രധാനമാണ്. ഗള്‍ഫ് വിദേശ മന്ത്രിമാരും ഇറാന്‍ വിദേശ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജിയും തമ്മിലുള്ള സംയുക്ത യോഗങ്ങളില്‍ ഈ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും, അന്താരാഷ്ട്ര ബന്ധങ്ങളില്‍ സംവാദത്തിനും നയതന്ത്ര പരിഹാരങ്ങള്‍ക്കും വേണ്ടിയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിബദ്ധത ജാസിം അല്‍ബുദൈവി വ്യക്തമാക്കി.
പരസ്പര വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നതും ആശയവിനിമയത്തിനും ധാരണക്കും തടസ്സമാകുന്നതുമായ തെറ്റായ അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇറാന്‍ നിര്‍ത്തണം. മേഖലാ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും സുരക്ഷ, സ്ഥിരത, വളര്‍ച്ച, സമൃദ്ധി എന്നിവക്കായുള്ള ജനങ്ങളുടെ അഭിലാഷങ്ങള്‍ കൈവരിക്കാനും യോജിപ്പും സഹകരണവും ആവശ്യമുള്ള സമയമാണിതെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു.



