ദോഹ – ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ തകര്‍ച്ച ആഗ്രഹിക്കുന്നില്ലെന്നും മറിച്ച്, ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ സ്ഥിരതയും സമൃദ്ധിയുമാണ് ആഗ്രഹിക്കുന്നതെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു. ദോഹ ഫോറം 2025 ല്‍ പ്രതിരോധ-സുരക്ഷാ നയം, സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത, സമാധാന നിര്‍മ്മാണം എന്ന ശീര്‍ഷകത്തില്‍ ഇറാനും മാറുന്ന പ്രാദേശിക സുരക്ഷാ പരിസ്ഥിതിയും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജാസിം അല്‍ബുദൈവി.
ഇറാനോടുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ ലളിതവും അടിസ്ഥാനപരവുമാണെന്ന് ജാസിം അല്‍ബുദൈവി പറഞ്ഞു. ഇറാന് സമ്പന്നമായ നാഗരിക, സാംസ്‌കാരിക, കലാ പൈതൃകമുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന് ധാരാളം വാഗ്ദാനം ചെയ്യാനുണ്ട്. പങ്കിട്ട ഭാവിയില്‍ ഇറാനും ഗള്‍ഫ് രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്.
എട്ടു പതിറ്റാണ്ടുകള്‍ക്കിടെ ഗള്‍ഫ് രാജ്യങ്ങള്‍ ഒമ്പതാമത്തെ വലിയ ആഗോള സമ്പദ്വ്യവസ്ഥയായി മാറി. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളുടെ സംയോജിത ജി.ഡി.പി ഏകദേശം 2.4 ട്രില്യണ്‍ ഡോളറിലെത്തി. ഈ അനുഭവങ്ങള്‍ ഇറാനുമായി പങ്കിടാന്‍ ജി.സി.സി രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു. നല്ല അയല്‍പക്ക തത്വങ്ങളെ മാനിക്കുക, യു.എന്‍ ചാര്‍ട്ടര്‍ പാലിക്കുക, സംഭാഷണത്തില്‍ ഏര്‍പ്പെടുക, മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുക എന്നിവ പ്രധാനമാണെന്നും ജാസിം അല്‍ബുദൈവി പറഞ്ഞു.
ചരിത്രത്തിലുടനീളം നേരിട്ട വെല്ലുവിളികള്‍ക്കിടയിലും പ്രതിസന്ധികളെ മറികടക്കാന്‍ ഇറാന് കഴിയുമെന്ന് മുന്‍ ഇറാന്‍ വിദേശ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് വ്യക്തമാക്കി. ഇറാന്‍ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയാറാണ്. ഇറാനും ജി.സി.സി രാജ്യങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ സ്ഥാപനവല്‍ക്കരിക്കേണ്ടതും ഭാവിയിലേക്കുള്ള പൊതുദര്‍ശനം കെട്ടിപ്പടുക്കേണ്ടതും അനിവാര്യമാണെന്നും മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞു. മുന്‍ ഇറാന്‍ വിദേശ മന്ത്രി മുഹമ്മദ് ജവാദ് സരീഫും ഇറ്റാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടര്‍ നതാലി ടുച്ചിയും സെഷനില്‍ പങ്കെടുത്തു. വാഷിംഗ്ടണ്‍ ഡി.സിയിലെ ക്വിന്‍സി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റെസ്പോണ്‍സിബിള്‍ സ്റ്റേറ്റ് ഗവേണന്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ട്രിത പാര്‍സി മോഡറേറ്ററായിരുന്നു.



