കുവൈത്ത് സിറ്റി– കുവൈത്ത്-ഗോവ സർവീസ് ജൂലൈ 31 മുതൽ നിർത്തിവയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഈ മെയ് മാസത്തിലായിരുന്നു സർവീസ് ആരംഭിച്ചത്. ഗോവയുടെ അന്താരാഷ്ട്ര വ്യോമ കണക്റ്റിവിറ്റി കുറയുന്നതിനെക്കുറിച്ചുള്ള ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ, ഇത് കുവൈത്തിൽ ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ ഗോവയിൽ നിന്നുള്ള നിരവധി ആളുകളിൽ വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. ഇത് ആളുകൾക്ക് ഏറ്റവും താങ്ങാനാവുന്നതും സൗകര്യപ്രദവുമായ വിമാന സർവീസ് ആയിരുന്നു. ഇത് നിർത്തി വെക്കുന്നതോടെ കുവൈത്തിലെ ഗോവൻ സമൂഹം വലിയ പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ മുംബൈ, ദോഹ, ദുബൈ എന്നിവിടങ്ങളിലെ ലേഓവറുകൾ ഉപയോഗിച്ച് ദീർഘവും ചെലവേറിയതുമായ യാത്രകളെ ആശ്രയിക്കാൻ പലരും നിർബന്ധിതരാകുന്നു.
ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രതിവാരം 6,000 അധിക സീറ്റുകൾക്ക് കൂടി അനുവദിച്ചുകൊണ്ട് ഇന്ത്യയും കുവൈത്തും തമ്മിൽ പുതുതായി ഒരു വ്യോമയാന സേവന കരാർ ഒപ്പുവെച്ചിരുന്നു. ഇത് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസകരമായ വാർത്ത ആയിരുന്നു. എന്നാൽ, കുവൈത്ത്-ഗോവ സർവീസ് നിർത്തിവെക്കുമെന്ന വാർത്ത പുറത്ത് വന്നതോടെ കുവൈത്തിലെ വലിയ ഗോവൻ സമൂഹം നിരാശയിലാണ്.