2034 ലോകകപ്പിനായി സൗദി അറേബ്യ ഒരുക്കുന്ന സ്‌കൈ സ്റ്റേഡിയത്തിന്റേതായി പ്രചരിക്കുന്ന എഐ ദൃശ്യാവിഷ്‌കാരം ഫേക്ക് എന്ന് റിപ്പോർട്ട്. ഇപ്പോൾ പ്രചരിക്കുന്ന എഐ വീഡിയോക്ക്, യഥാർത്ഥത്തിൽ നിർമിക്കാനിരിക്കുന്ന സ്‌കൈ സ്‌റ്റേഡിയവുമായി ബന്ധമില്ലെന്നും ഏതോ വിരുതൻ എഐ ഉപയോഗിച്ച് പടച്ചുവിട്ട വീഡിയോ വിദേശത്തുള്ള മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നുവെന്നും ഗൾഫ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘ലോകത്തിലെ ആദ്യ ആകാശ സ്‌റ്റേഡിയം. മരുഭൂമിയിൽ നിന്ന് 350 മീറ്റർ ഉയരത്തിൽ, സോളാർ – വിന്റ് ഊർജത്തിൽ പ്രവർത്തിക്കും. 46000 സീറ്റുകൾ ഉണ്ടാകും. 2027-ൽ പ്രവർത്തനം ആരംഭിക്കും…’ എന്നിങ്ങനെയായുള്ള വിശേഷണങ്ങളുമായാണ് വ്യാജ വീഡിയോ വൈറലായത്. എന്നാൽ, സമീപ ദിവസങ്ങളിലൊന്നും ഔദ്യോഗിക വൃത്തങ്ങളോ സൗദി മാധ്യമങ്ങളോ ഇത്തരത്തിലുള്ള ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. മാത്രവുമല്ല, പ്രചരിക്കുന്ന വീഡിയോയിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയിലാവും സ്‌റ്റേഡിയത്തിന്റെ അന്തിമ രൂപമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭൂപ്രതലത്തിൽ നിന്ന് 350 മീറ്റർ ഉയരത്തിലുള്ള സ്റ്റേഡിയം 2034 ലോകകപ്പിനായി ഒരുങ്ങുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷം ഡിസംബറിലാണ് നിയോം പുറത്തുവിട്ടത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന സ്‌റ്റേഡിയം പുതിയ ദൃശ്യ, പങ്കാളിത്ത അനുഭവം സമ്മാനിക്കുന്നതായിരിക്കുമെന്ന് അന്ന് നിയോം വ്യക്തമാക്കിയിരുന്നു.



