ജിദ്ദ: സൗദി അറേബ്യക്കു പിന്നാലെ ഈജിപ്തിലും ‘ബിലബൻ’ റെസ്റ്റോറന്റ് ശാഖകൾ അടച്ചു. മൂന്നു പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ശൈഖ് സായിദ്, ജീസ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 11 ‘ബിലബൻ’ ശാഖകൾ അടപ്പിക്കാൻ ജീസ ഗവർണർ ഉത്തരവിടുകയായിരുന്നു.
ജീസയിലെ ശൈഖ് സായിദ് ബിലബൻ ശാഖയിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് മൂന്നു പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. മൂന്നു പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അടക്കമുള്ള വകുപ്പുകൾ അന്വേഷണം നടത്തുന്നുണ്ട്.
ഈജിപ്തിലെ പ്രശസ്തമായ മധുരപലഹാര, റെസ്റ്റോറന്റ് ശൃംഖലയായ ‘ബിലബൻ’ കമ്പനിക്കു കീഴിൽ റിയാദിലുള്ള ശാഖകളിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് സൗദിയിൽ കമ്പനിക്കു കീഴിലുള്ള മുഴുവൻ ശാഖകളും മുൻകരുതലെന്നോണം അടുത്തിടെ അടപ്പിച്ചിരുന്നു.