ദോഹ– എസ്എൻഡിപിയും എൻഎസ്എസും ഒന്നിച്ചു നിൽക്കുന്നത് യുഡിഎഫ് മുന്നേറ്റത്തെ ബാധിക്കില്ലെന്നും ഏതെങ്കിലും നിലക്കുള്ള തെറ്റിദ്ധാരണകൾ സമുദായ സംഘടനകൾക്ക് ഉണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. ദോഹയിൽ ഇൻകാസ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിനെ കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞ അഭിപ്രായങ്ങൾ യുഡിഎഫ് അംഗീകരിക്കുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. എല്ലാവരെയും ഒന്നിച്ചു നിർത്തുക എന്നതാണ് യുഡിഎഫിന്റെ നയം. കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും തമ്മിൽ തെറ്റിക്കാൻ ആരും ശ്രമിക്കേണ്ട. ലീഗിന് കൂടുതൽ സീറ്റുകൾ ചോദിക്കാനുള്ള അവകാശവുമുണ്ട്. അതൊക്കെ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും എംപി വ്യക്തമാക്കി.
വി ഡി സതീശനെതിരെ വെള്ളപള്ളി ഉയർത്തുന്ന വിമർശനങ്ങൾക്ക് കൂട്ടായ പ്രതിരോധം ആവശ്യമില്ല. അതിനെ പ്രതിരോധിക്കാൻ അദ്ദേഹത്തിന് തന്നെ സാധിക്കും. യുഡിഎഫ് കൺവീനർ എന്ന നിലയിൽ എല്ലാവരെയും കൂടി യോജിപ്പിച്ചു കൊണ്ട് പോകുക എന്നതാണ് തന്റെ ഉത്തരവാദിത്വം എന്നും അടൂർ പ്രകാശ് പറഞ്ഞു.
ആർക്കെങ്കിലും യു ഡിഎഫിൽ വരാൻ താല്പര്യം ഉണ്ടെങ്കിൽ കടന്നു വരാം. എന്നാൽ ആരുടെയും പിന്നെ പോകില്ല. കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അവർ തന്നെ അടച്ചു. എന്നാൽ അതിൽ പല നേതാക്കളും യുഡിഎഫിൽ വരാൻ താൽപര്യം കാണിക്കുന്നുണ്ട് . സിപിഎം എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിലേക്ക് പോകുന്നത് സിപിഎം, ബിജെപി അന്തർധാരയുടെ തുടർച്ചയാണെന്നും അടൂർ പ്രകാശ് കൂട്ടിചേർത്തു
കേരളത്തിൽ നടക്കുന്നത് എൽഡിഎഫ്, യുഡിഎഫ് പോരാട്ടമാണ്. എന്നാൽ ഇതിന് കളങ്കം ചാർത്താൻ സിപിഎം ശ്രമിക്കുന്നു. അതിനായി അവർ ബിജെപിയെ സഹായിക്കുന്നു. പകരം അവർ തിരിച്ചും സഹായിക്കുന്നു. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ എന്താണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളത്തിലെ ജങ്ങൾക്കറിയാം. അതിന്റെ ഉദാഹരണമാണ് ത്രിതല പഞ്ചായത്ത് ഫലം. നിയമസഭാ തിരഞ്ഞെടുപ്പിൽ വികസനം മുഖ്യ വിഷയമായി വരും. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഒരു വൻകിട പദ്ധതി പോലും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല. ശബരിമല സ്വർണ്ണകൊള്ളയിൽ എന്റെ പേര് വലിച്ചിഴക്കുന്നത് വസ്തുതാപരമല്ലെന്നും പോറ്റിയെ തന്റെ മണ്ഡലത്തിലെ ഒരു വോട്ടർ എന്നനിലയിലാണ് പരിചയം. അദ്ദേഹവുമായി വ്യക്തിപരമായ ഒരു സൗഹൃദവും ഇല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇൻകാസ് ഖത്തർ പ്രസിഡന്റ് സിദ്ധീഖ് പുറായിൽ ജനറൽ സെക്രട്ടറി ബോബൻ വർക്കി , അഡ്വൈസറി ബോർഡ് ചെയർമാൻ ഹൈദർ ചുങ്കത്തറ എന്നിവർ പങ്കെടുത്തു.



