ദോഹ– അവധിക്കായി നാട്ടിലേക്ക് പോയ ഖത്തറിലെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വാണിമേൽ സി.സി മുക്കിലെ മുഹമ്മദ് ചാമയാണ് (40) ഇന്ന് പുലർച്ചെ മരണപ്പെട്ടത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന മുഹമ്മദ് രാവിലെ എഴുന്നേൽക്കാതെ വന്നപ്പോൾ വിളിച്ചു നോക്കിയപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്.
ഖത്തറിലെ അബൂഹമൂറിലെ നാസ്കോ ഗ്രിൽ റസ്റ്റോറന്റിലെ ജീവനക്കാരനാണ്. ഗാനരചയിതാവും ഗായകനും കൂടിയായ മുഹമ്മദ് ചാമ നാട്ടിലും ഖത്തറിലുമായി പല വേദികളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സാമൂഹ്യ സംഘടനകളിലെ സജീവ പ്രവർത്തകനും ആയിരുന്നു
മുഹമ്മദ് ചാമയുടെ നിര്യാണത്തിൽ ഖത്തർ വാണിമേൽ പ്രവാസി ഫോറം, ഖത്തർ കെഎംസിസി വാണിമേൽ പഞ്ചായത്ത് കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
പരേതനായ കല്ലുള്ള ഏഴാറ്റിൽ കുഞ്ഞബ്ദുള്ളയുടെയും ഫാത്തിമ ചെറിയ പറമ്പത്തിന്റെയും മകനാണ്. ഭാര്യ ആഷിഫ മഠത്തിൽ. മക്കൾ സൈനുദ്ദീൻ, ദുആ.
മയ്യത്ത് ഇന്ന് ഉച്ചയോടെ വാണിമേൽ വലിയ ജുമാഅത്ത് പള്ളിയിൽ കബറടക്കി