ജിദ്ദ: വിദേശങ്ങളിൽ നിന്നുള്ള ഹജ്, ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ഏറെ സഹായകമായി സൗദിയിൽ വിമാന, ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി ഒറ്റ ബുക്കിംഗ് പ്ലാറ്റ്‌ഫോം. ഇതിനുള്ള തന്ത്രപരമായ പങ്കാളിത്ത കരാറിൽ സൗദി അറേബ്യ റെയിൽവെയ്‌സും മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും ഒപ്പുവെച്ചു.
ഏകീകൃത റിസർവേഷൻ സംവിധാനത്തിൽ ഹറമൈൻ ഹൈസ്പീഡ് റെയിൽവെയുമായി ഫ്‌ളൈറ്റ് റിസർവേഷനുകൾ ബന്ധിപ്പിച്ച് സംയോജിത യാത്രാനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പരിവർത്തനം വർധിപ്പിക്കുകയും രാജ്യത്തിന്റെ മൾട്ടി മോഡൽ ഗതാഗത സംവിധാനത്തെ പിന്തുണക്കുകയും ചെയ്യുന്ന ഒരു ചുവടുവെപ്പാണിത്. ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെയാണ് പുതിയ സേവനം ഉദ്ഘാടനം ചെയ്തത്.
സൗദി അറേബ്യ റെയിൽവെയ്‌സും ഫ്‌ളൈ നാസും തമ്മിലുള്ള പങ്കാളിത്തം ഒരൊറ്റ ബുക്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ വിമാന, ട്രെയിൻ ടിക്കറ്റുകൾ ഇഷ്യു ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്നു. ഇത് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുകയും വ്യോമ, റെയിൽ ഗതാഗതങ്ങൾ തമ്മിൽ സംയോജിപ്പിക്കുകയും ആസൂത്രണ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഫ്‌ളൈ നാസ്, ഹറമൈൻ ഹൈസ്പീഡ് റെയിൽവെ ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു.
മിഡിൽ ഈസ്റ്റ്, ഉത്തരാഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ റെയിൽ ഗതാഗത കമ്പനികളിൽ ഒന്നാണ് സൗദി അറേബ്യ റെയിൽവെയ്‌സ്. 5,500 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സംയോജിത ദേശീയ റെയിൽ ശൃംഖല സൗദി അറേബ്യ റെയിൽവെയ്‌സ് കൈകാര്യം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. പാസഞ്ചർ, ഗുഡ്‌സ് സർവീസുകൾക്കുള്ള നോർത്തേൺ നെറ്റ്‌വർക്ക്, ഈസ്റ്റേൺ നെറ്റ്‌വർക്ക്, ഹറമൈൻ ഹൈസ്പീഡ് റെയിൽവെ നെറ്റ്‌വർക്ക്, മശാഇർ മെട്രോ എന്നീ നാലു പ്രധാന റെയിൽവെ ശൃംഖലകൾ ഇതിൽ ഉൾപ്പെടുന്നു. ഇത് സൗദിയിൽ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിലെ ഒരു പ്രധാന ഘടകമായി സൗദി അറേബ്യ റെയിൽവെയ്‌സിനെ മാറ്റുന്നു.
മണിക്കൂറിൽ 300 കിലോമീറ്റർ പ്രവർത്തന വേഗതയുള്ള ഹറമൈൻ ഹൈസ്പീഡ് റെയിൽവെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസാണ്. മക്കക്കും മദീനക്കും ഇടയിൽ ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ ജിദ്ദ സുലൈമാനിയ, ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവയിലൂടെ കടന്നുപോകുന്ന ഏറ്റവും വേഗതയേറിയതും നൂതനവുമായ ഗതാഗത മാർഗമാണിത്. എയർപോർട്ടുമായി ബന്ധിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷനുകളിൽ ഒന്നാണ് ജിദ്ദ വിമാനത്താവളത്തിനുള്ളിലെ സ്റ്റേഷൻ. ഒരു മണിക്കൂറിൽ കവിയാത്ത സമയത്തിൽ യാത്രക്കാർക്ക് ജിദ്ദ വിമാനത്താവളത്തിനും മക്കക്കും ഇടയിൽ സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം ഹറമൈൻ ഹൈസ്പീഡ് റെയിൽവെ നൽകുന്നു.