ജിദ്ദ– സ്വകാര്യ മേഖലയില്‍ ഡെന്റല്‍ മെഡിസിന്‍ പ്രൊഫഷനില്‍ രണ്ടാം ഘട്ട സൗദിവല്‍ക്കരണത്തിന് ഇന്നു മുതല്‍ തുടക്കമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഡെന്റല്‍ സ്‌പെഷ്യാലിറ്റികളില്‍ മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ഇന്നു മുതല്‍ 55 ശതമാനം സൗദിവല്‍ക്കരണം പാലിച്ചിരിക്കണം. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പൗരന്മാര്‍ക്ക് ഉത്തേജകവും ഉല്‍പ്പാദനപരവുമായ തൊഴിലവസരങ്ങള്‍ നല്‍കാനുമുള്ള ഇരു മന്ത്രാലയങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ഇത് തൊഴില്‍ വിപണി തന്ത്രത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുകയും വിഷന്‍ 2030 ല്‍ നിന്ന് ഉരുത്തിരിഞ്ഞ ആരോഗ്യ മേഖലാ പരിവര്‍ത്തന പ്രോഗ്രാം ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഡെന്റല്‍ മെഡിസിന്‍ മേഖലയില്‍ സൗദി ഡോക്ടറെ സൗദിവല്‍ക്കരണ ക്വാട്ടയില്‍ ഉള്‍പ്പെടുത്തി കണക്കാക്കണമെങ്കില്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അവരുടെ പ്രതിമാസ ശമ്പളം 9,000 റിയാലില്‍ കുറവാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ നിന്ന് സാധുവായ പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ ഉണ്ടായിരിക്കുകയും വേണം.
ഡെന്റല്‍ മെഡിസിന്‍ മേഖലയില്‍ രണ്ടാം ഘട്ട സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനത്തിന്റെ വിശദാംശങ്ങളും ആവശ്യമായ സൗദിവല്‍ക്കരണ അനുപാതവും വ്യക്തമാക്കാനായി മാര്‍ഗിര്‍ദേശ ഗൈഡ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ശിക്ഷാ നടപടികള്‍ ഒഴിവാക്കാന്‍ എല്ലാ സ്ഥാപനങ്ങളും സൗദിവല്‍ക്കരണം പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സുസ്ഥിരമായ ആരോഗ്യ സംരക്ഷണ സംവിധാനം സ്ഥാപിക്കുക, ആരോഗ്യ മേഖലാ ജീവനക്കാരുടെ തൊഴില്‍സ്ഥിരത വര്‍ധിപ്പിക്കുക, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവക്കുള്ള തന്ത്രപരമായ ലക്ഷ്യങ്ങളുടെ ഭാഗമായി, ആരോഗ്യ മേഖലയില്‍ സ്വദേശി ജീവനക്കാരെ പിന്തുണക്കാനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുരടുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മേഖലാ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഡെന്റല്‍ മെഡിസിന്‍ മേഖലയില്‍ നിര്‍ബന്ധിത സൗദിവല്‍ക്കരണ അനുപാതം 55 ശതമാനമായി ഉയര്‍ത്തിയത്. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി തീരുമാനം നടപ്പാക്കുന്നതിന് ആരോഗ്യ മന്ത്രാലയം മേല്‍നോട്ടം വഹിക്കും. സൗദിവല്‍ക്കരണം പാലിക്കുന്നതിന് സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ വകുപ്പുകളും നല്‍കുന്ന പിന്തുണയും പ്രോത്സാഹന പരിപാടികളും പ്രയോജനപ്പെടുത്താവുന്നതാണ്.



