കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത മദ്യ ഫാക്ടറികൾ നടത്തിയ കേസിൽ ഇന്ത്യക്കാരുൾപ്പെടെ 52 പേർ പിടിയിൽ. കുവൈത്തിലെ ആറ് ജനവാസ കേന്ദ്രങ്ങളിലായാണ് അനധികൃത മദ്യ ഫാക്ടറികൾ നടത്തിയിരുന്നത്. കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ മേൽനോട്ടത്തിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വീട്ടിൽ മദ്യം ഉത്പാദിപ്പിക്കുകയും പാക്കേജ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതായി സംശയിക്കുന്ന നേപ്പാളികളും ഇന്ത്യക്കാരും ഉൾപ്പെടെ 52 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മിഷ്റഫ്, ജാബിർ അൽ അലി, അൽ നഹ്ദ, ഫൈഹ, സാദ് അൽ അബ്ദുല്ല, അൽ ഖുസൂർ എന്നീ പ്രദേശങ്ങളിലെ വാടക വീടുകളിലായിരുന്നു പ്രതികൾ പ്രവർത്തിച്ചിരുന്നത്. സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് പ്രതികൾ തികച്ചും സാധാരണയായി കാണപ്പെടുന്ന വീടുകൾ തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.