റിയാദ് – റിയാദ് മെട്രോയിലും പബ്ലിക് ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ടിക്കറ്റ് ഇളവ് ലഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. പ്രായമായവരെ പിന്തുണക്കാനും അവരെ വിലമതിച്ചുമാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. സ്റ്റേഷനുകളിലെ ടിക്കറ്റ് സെയില്‍സ് ഓഫീസുകളില്‍ സ്വദേശികള്‍ ദേശീയ ഐ.ഡി കാര്‍ഡും വിദേശികള്‍ ഇഖാമയും കാണിച്ചുകൊടുത്താല്‍ 60 വയസും അതിനു മുകളിലും പ്രായമുള്ള ആര്‍ക്കും ടിക്കറ്റ് ഇളവ് ലഭിക്കുമെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിശദീകരിച്ചു.
പ്രായമായവര്‍ക്ക് അവസരം ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനും റിയാദിലെ ഗതാഗത ശൃംഖലയില്‍ കൂടുതല്‍ സുഖകരവും വഴക്കമുള്ളതുമായ ദൈനംദിന അനുഭവം ആസ്വദിക്കാനും മുതിര്‍ന്ന പൗരന്മാരെ പ്രാപ്തരാക്കുന്നു.
ഈ അധ്യയന വര്‍ഷാദ്യം മുതല്‍ റിയാദ് മെട്രോയിലും പബ്ലിക് ബസ് സര്‍വീസുകളിലും ആറു വയസു മുതല്‍ പ്രായമുള്ള മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. . റിയാദിലുടനീളമുള്ള പൊതുഗതാഗത ഓഫീസുകളില്‍ സൗദി വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡും വിദേശ വിദ്യാര്‍ഥികള്‍ ഇഖാമയും കാണിച്ചുകൊടുത്തും വിദ്യാര്‍ഥിയാണെ് സ്ഥിരീകരിച്ച് സ്‌കൂളില്‍ നിന്ന് നല്‍കുന്ന കത്തും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റി തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കിയും ടിക്കറ്റ് ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയും.
നഗരത്തിലെ പൊതുഗതാഗത ശൃംഖലയുടെ ഗണ്യമായ വികാസത്തിനൊപ്പം സുരക്ഷിതവും എളുപ്പവും താങ്ങാവുന്ന നിരക്കിലുള്ളതുമായ ഗതാഗത മാര്‍ഗങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മെട്രോയിലും പബ്ലിക് ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് അനുവദിച്ചതെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോർട്ട് വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും അതിരാവിലെ യാത്ര ചെയ്യേണ്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി റിയാദ് മെട്രോയുടെ പ്രവര്‍ത്തന സമയത്തില്‍ പത്തു ദിവസം മുമ്പ് മാറ്റം വരുത്തിയിരുന്നു. ഇപ്പോള്‍ ദിവസവും രാവിലെ 5.30 മുതല്‍ മെട്രോ സര്‍വീസുകളുണ്ട്. ട്രെയിന്‍ സര്‍വീസുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും തലസ്ഥാനത്തെ ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. സൗദി വിഷന്‍ 2030 ലെ സുസ്ഥിരതാ, ജീവിത നിലവാര ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, പൊതുഗതാഗത ശൃംഖല വികസിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള പദ്ധതികളുടെ ഭാഗമാണ് ഇതെന്നും അതോറിറ്റി വ്യക്തമാക്കി. റിയാദ് മെട്രോ വന്‍ വിജയമായി മാറിയിട്ടുണ്ട്. ഒമ്പതു മാസത്തിനുള്ളില്‍ മെട്രോയില്‍ യാത്രക്കാരുടെ എണ്ണം പത്തു കോടി കവിഞ്ഞു.
റിയാദ് മെട്രോയില്‍ ആകെ ആറു ലൈനുകളാണുള്ളത്. ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലെത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളില്‍ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതില്‍ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് റിയാദ് മെട്രോ പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയില്‍ നാല്‍പതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലേത്. സീമെന്‍സ്, ബൊംബാര്‍ഡിയര്‍, അല്‍സ്റ്റോം എന്നിവ നിര്‍മിച്ച 183 ട്രെയിനുകള്‍ റിയാദ് മെട്രോയില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നു. മെട്രോ സംവിധാനത്തില്‍ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉള്‍പ്പെടുന്നു