കുവൈത്ത് സിറ്റി– 2027ലെ ഐസിസി വേൾഡ് കപ്പ് ‘ചലഞ്ച് ലീഗ് എ’ മത്സരത്തിൽ കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിൽ അംഗത്വം നേടി 5 മലയാളികൾ. കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ, തൃശൂർ സ്വദേശി അനുദീപ്, പാലക്കാട് സ്വദേശി നിമിഷ് എന്നിവരാണ് കുവൈത്ത് ടീമിലെ മലയാളികൾ. ഓൾ റൗണ്ടറായ ഷിറാസ് ഖാൻ വർഷങ്ങളായി കുവൈത്ത് ടീമിന്റെ ഭാഗമാണ്. ടീം വൈസ് ക്യാപ്റ്റൻ ചുമതലയും വഹിച്ചിട്ടുണ്ട്.
മുഹമ്മദ് ഷഫീഖ് പേസ് ബൗളറും, ക്ലിന്റോ മിഡിൽ ഓഡർ ബാറ്റ്സ്മാനുമാണ്. അനുദീപ് ഓൾറൗണ്ടറും നിമിഷ് പേസ് ബൗളറുമാണ്. ഇവർകൊപ്പം അസിസ്റ്റന്റ് കോച്ചായി മലയാളിയായ ഇസ്മായിലും കുവൈത്ത് ടീമിനൊപ്പം ഉണ്ട്. മുഹമ്മദ് അസ്ലം ആണ് ക്യാപ്റ്റൻ.
‘ചലഞ്ച് ലീഗ് എ’ മത്സരങ്ങൾക്കായി കുവൈത്ത് ടീം നിലവിൽ ബ്രിട്ടനിലെ ജേഴ്സിയിലാണുള്ളത്. കുവൈത്ത്, ജേഴ്സി, കെനിയ, ഖത്തർ, പാപുവ ന്യൂ ഗിനിയ, ഡെൻമാർക്ക് എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തിൽ കുവൈത്ത് കഴിഞ്ഞ ദിവസം ഖത്തറിനെ പരാജയപ്പെടുത്തി. മറ്റു ടീമുകളുമായി വരും ദിവസങ്ങളിൽ ഏറ്റുമുട്ടും. ചലഞ്ച് ലീഗിലെ മികച്ച രണ്ട് ടീമുകൾ അടുത്ത യോഗ്യതാ ഘട്ടത്തിലേക്ക് കടക്കും.