ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയില്‍ വാഹനാപകടങ്ങളില്‍ 4,282 പേര്‍ മരണപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട 2024-ലെ റോഡ് ഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ കൊല്ലം രാജ്യത്ത് 17,231 ഗുരുതരമായ വാഹന അപകടങ്ങളുണ്ടായി. ഇതില്‍ 24,077 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായ അപകടങ്ങളിൽ 60.3 ശതമാനവും നഗരങ്ങള്‍ക്കുള്ളിലാണ് നടന്നത്.
2023 നെ അപേക്ഷിച്ച് 2024 ല്‍ റോഡപകടങ്ങളിലെ മരണ നിരക്ക് കുറഞ്ഞു. രാജ്യത്തെ ജനസംഖ്യയില്‍ ഒരു ലക്ഷം ആളുകളില്‍ 7.1 എന്ന തോതിലാണ് മരണ നിരക്ക് കുറഞ്ഞതെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 ല്‍ ഒരു ലക്ഷം ആളുകളില്‍ 12.13 എന്ന തോതിലായിരുന്നു വാഹനാപകട മരണ നിരക്ക്. കഴിഞ്ഞ വര്‍ഷം ഗുരുതമായതും അല്ലാത്തതുമായ എല്ലാ റോഡപകടങ്ങളിലും കൂടി 68,210 പേര്‍ക്ക് പരിക്കേറ്റു.
2024 ല്‍ സൗദിയില്‍ കരാതിര്‍ത്തി ക്രോസിംഗുകള്‍ വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം 6.59 കോടി കവിഞ്ഞു. കരാതിര്‍ത്തി ക്രോസിംഗുകള്‍ വഴി രാജ്യത്തേക്ക് വന്നവരുടെ എണ്ണം 3.3 കോടിയിലെത്തി. ഇത് മൊത്തം യാത്രക്കാരുടെ 50.3 ശതമാനമാണ്. കരാതിര്‍ത്തി ക്രോസിംഗുകള്‍ വഴി 3.28 കോടി യാത്രക്കാര്‍ രാജ്യത്തു നിന്ന് പുറത്തുപോയി. ഇത് ആകെ യാത്രക്കാരുടെ 49.7 ശതമാനമാണ്.
കരാതിര്‍ത്തി ക്രോസിംഗ് യാത്രക്കാരുടെ എണ്ണത്തില്‍ മുന്നില്‍ കിംഗ് ഫഹദ് കോസ്വേ അതിര്‍ത്തി ക്രോസിംഗ് ആണ്. മൊത്തം യാത്രക്കാരില്‍ ഏകദേശം 49.9 ശതമാനം കിംഗ് ഫഹദ് കോസ്‌വേ വഴിയാണ് കടന്നുപോയത്. രണ്ടാം സ്ഥാനത്തുള്ള അല്‍ഖഫ്ജി ക്രോസിംഗ് വഴി 11.6 ശതമാനം പേരും കടന്നുപോയി. കരാതിര്‍ത്തി ക്രോസിംഗുകള്‍ വഴി ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നുപോയത് ജനുവരിയിലാണ്. ആകെ യാത്രക്കാരില്‍ 10.1 ശതമാനവും ജനുവരിയിലായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഫെബ്രുവരിയില്‍ 9.3 ശതമാനം യാത്രക്കാര്‍ കരാതിര്‍ത്തി ക്രോസിംഗുകള്‍ വഴി കടന്നുപോയി. യാത്രക്കാര്‍ ഏറ്റവും കുറവ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 7.1 ശതമാനം തോതിലായിരുന്നു യാത്രക്കാര്‍.
2024-ല്‍ കരാതിര്‍ത്തി ക്രോസിംഗുകള്‍ വഴി 1.34 കോടിയിലേറെ ടണ്‍ ചരക്കുകള്‍ കയറ്റി അയച്ചു. 2023 നെ അപേക്ഷിച്ച് ചരക്ക് കയറ്റുമതിയില്‍ 0.4 ശതമാനം കുറവ് രേഖപ്പെടുത്തി. കരാതിര്‍ത്തി ക്രോസിംഗുകള്‍ വഴി കഴിഞ്ഞ കൊല്ലം 1.22 കോടിയിലേറെ ടണ്‍ ചരക്ക് ഇറക്കുമതി ചെയ്തു. 2023 നെ അപേക്ഷിച്ച് 2024 ല്‍ ഇറക്കുമതിയില്‍ 7.1 വര്‍ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം 12 ലക്ഷത്തിലേറെ പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിച്ചു. 2023 നെ അപേക്ഷിച്ച് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ 6.6 വര്‍ധനവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പുതിയ ലൈസന്‍സുകള്‍ അനുവദിച്ചത് റിയാദ് പ്രവിശ്യയിലാണ്. ആകെ അനുവദിച്ച ലൈസന്‍സുകളില്‍ 37.1 ശതമാനവും റിയാദ് പ്രവിശ്യയിലായിരുന്നു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 20 ശതമാനത്തിലേറെയും മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യ 16.4 ശതമാനവും ലൈസന്‍സുകള്‍ അനുവദിച്ചു.


കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതും ഗതാഗതയോഗ്യവുമായ വാഹനങ്ങളുടെ എണ്ണം 1.58 കോടി കവിഞ്ഞതായി സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. 2023 നെ അപേക്ഷിച്ച് 2024 ല്‍ വാഹനങ്ങളുടെ എണ്ണം 6.9 ശതമാനം തോതില്‍ വര്‍ധിച്ചു. 2024 ല്‍ പത്തു ലക്ഷത്തിലേറെ വാഹനങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. 2023 നെ അപേക്ഷിച്ച് 2024 ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 16.8 ശതമാനം തോതില്‍ വര്‍ധിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി.



