ദുബായ്: കഴിഞ്ഞ വർഷം യു.എ.ഇയിൽ ഹൈവേകളിൽ അടക്കം വളരെ സാവധാനത്തിൽ വാഹനമോടിച്ചതിന് 4,09,305 ഡ്രൈവർമാർക്ക് 400 ദിർഹം തോതിൽ പിഴ ചുമത്തി. മിനിമം വേഗപരിധി പാലിക്കാത്തതിനും പിന്നിൽ നിന്ന് വരുന്ന വേഗതയേറിയ വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഓവർടേക്കിംഗ് ട്രാക്കുകളിൽ വഴിയൊരുക്കാത്തതിനുമാണ് ഇത്രയും ഡ്രൈവർമാർക്ക് പിഴ ചുമത്തിയത്.
ഇത്തരത്തിലുള്ള പെരുമാറ്റം ഗതാഗതം തടസ്സപ്പെടുത്തുക മാത്രമല്ല, അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായിമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വളരെ സാവധാനത്തിൽ വാഹനമോടിച്ചതിന് 2023-ൽ യു.എ.ഇയിൽ 3,00,147 ഡ്രൈവർമാർക്കാണ് പിഴ ചുമത്തിയിരുന്നത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഈ നിയമ ലംഘനത്തിന് പിഴ ലഭിച്ച ഡ്രൈവർമാരുടെ എണ്ണം ഗണ്യമായി വർധിച്ചു. നിയമലംഘനങ്ങളിൽ 99 ശതമാനവും അബുദാബിയിലാണ് രേഖപ്പെടുത്തിയത്.
അബുദാബിയിൽ മാത്രം 4,09,059 പിഴകൾ രേഖപ്പെടുത്തി. ദുബായിൽ 192 ഉം ഷാർജയിൽ 41 ഉം റാസൽഖൈമയിൽ ആറും ഉമ്മുൽഖുവൈനിൽ നാലും അജ്മാനിൽ മൂന്നും ഡ്രൈവർമാർക്ക് പിഴ ചുമത്തി. ഫുജൈറയിൽ ആർക്കും പിഴ ചുമത്തിയിട്ടില്ല.
ഫെഡറൽ ട്രാഫിക് നിയമ പ്രകാരം കുറഞ്ഞ വേഗപരിധിക്ക് താഴെ വാഹനമോടിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. വേഗം കുറഞ്ഞ വാഹനങ്ങൾ വലതുവശത്തുള്ള ട്രാക്കുകളിൽ തുടരുന്നുണ്ടെന്നും ഇടതുവശത്തുള്ള ട്രാക്കുകൾ മറികടക്കാൻ അനുവദിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്താനായി രൂപകൽപന ചെയ്ത പരിഷ്‌കരിച്ച ട്രാഫിക് നിയമം മാർച്ച് 29 മുതൽ യു.എ.ഇ നടപ്പാക്കാൻ ആരംഭിച്ചു. വ്യക്തമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ നൽകുന്നതിന് ആറു മാസത്തിനുള്ളിൽ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫാസ്റ്റ് ട്രാക്കുകളിലെ വേഗം കുറഞ്ഞ വാഹനങ്ങൾ യഥാർത്ഥ അപകടമാണെന്ന് പല ഡ്രൈവർമാരും പറയുന്നു. ഇത് വേഗം കൂടിയ ഡ്രൈവർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുകയും അപകടകരമായ ഓവർടേക്കിംഗ് നീക്കങ്ങൾ നടത്താൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നതായി ഷാർജഖോർ ഫക്കാൻ ഹൈവേയിൽ പതിവായി വാഹനമോടിക്കുന്ന അലി അൽനഖ്ബി പറഞ്ഞു.
മറ്റു ഡ്രൈവർമാരും സമാന ആശങ്ക പ്രകടിപ്പിക്കുകയും ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. വളരെ സാവധാനത്തിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർ ഗതാഗതം തടസ്സപ്പെടുത്തുക മാത്രമല്ല, പെട്ടെന്നുള്ള ട്രാക്ക് മാറ്റങ്ങൾ പോലുള്ള അപകടകരമായ നടപടികൾ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളിൽ ഇടത്, മധ്യ ട്രാക്കുകളിൽ വ്യക്തമായ മിനിമം വേഗപരിധികൾ ഏർപ്പെടുത്തണമെന്നും അപകടങ്ങൾ സംഭവിക്കുമ്പോൾ വേഗം കുറഞ്ഞ ഡ്രൈവർമാരെ ഉത്തരവാദിത്തപ്പെടുത്തണമെന്നും ചില ഡ്രൈവർമാർ ആവശ്യപ്പെടുന്നു.
സാവധാനം വാഹനമോടിക്കുമ്പോൾ വലതുവശത്തുള്ള ട്രാക്കുകളിൽ തുടരുക, എല്ലായ്‌പ്പോഴും പിന്നിൽ നിന്ന് വരുന്ന വേഗമേറിയ വാഹനങ്ങൾക്ക് വഴിയൊരുക്കുക, ഓവർടേക്കിംഗിനായി നിയുക്തമാക്കിയിരിക്കുന്ന ഇടതുവശത്തുള്ള ട്രാക്കിൽ സാവധാനത്തിൽ വാഹനമോടിക്കുന്നത് ഒഴിവാക്കുക എന്നിവ അടക്കമുള്ള പ്രധാന സുരക്ഷാ നിയമങ്ങൾ ഡ്രൈവർമാരെ ഓർമിപ്പിച്ച് അബുദാബി പോലീസ് ഡിജിറ്റൽ ബോധവൽക്കരണ കാമ്പെയ്‌നുകൾ ശക്തമാക്കിയിട്ടുണ്ട്.
ഓവർടേക്കിംഗ് ട്രാക്കിൽ വേഗം കുറഞ്ഞ ഡ്രൈവർമാരെ ടെയിൽഗേറ്റ് ചെയ്യുന്നതിനും സമ്മർദം ചെലുത്തുന്നതിനുമെതിരെ പോലീസ് മുന്നറിയിപ്പ് നൽകി. ആക്രമണാത്മക ഡ്രൈവിംഗ് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകും. സുരക്ഷിതമായ അകലം പാലിക്കാനും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരെ മാനിക്കാനും അബുദാബി പോലീസ് എല്ലാ ഡ്രൈവർമാരോടും അഭ്യർത്ഥിച്ചു.