റിയാദ് – സൗദി അറേബ്യയുടെ ടൂറിസം മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 2,50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് അറിയിച്ചു. റിയാദിൽ നടന്ന മൂന്നാമത് ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിലെ പാനൽ ചർച്ചയിലാണ് അദ്ദേഹം ഈ നേട്ടം വ്യക്തമാക്കിയത്. ഇതോടെ ഈ മേഖലയിലെ ജീവനക്കാരുടെ എണ്ണം 7.5 ലക്ഷത്തിൽ നിന്ന് പത്ത് ലക്ഷത്തിലധികമായി ഉയർന്നു. എണ്ണയെയും പെട്രോകെമിക്കൽസിനെയും മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് മാറി ടൂറിസം, വിനോദം, സംസ്കാരം എന്നിവയിലൂടെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന വിട്ടുവിഴ്ചയില്ലാത്ത മാറ്റമാണ് ‘വിഷൻ 2030’ വഴി രാജ്യം നടപ്പിലാക്കുന്നത്.
സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യം നൽകുന്ന ഈ മേഖലയിലെ ജീവനക്കാരിൽ 45 ശതമാനത്തോളം വനിതകളാണ്. ആതിഥ്യമര്യാദയും ആശയവിനിമയ ശേഷിയും പ്രധാന ഘടകങ്ങളായ ടൂറിസം മേഖല യുവാക്കളെയും വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. റെഡ്‌സീ, ഖിദ്ദിയ തുടങ്ങിയ വമ്പൻ പദ്ധതികളുടെ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യമുള്ള സ്വദേശി യുവതയെ മന്ത്രാലയം സജ്ജമാക്കുന്നുണ്ട്. ടൂറിസം മേഖലയിലെ നൈപുണ്യ വിടവ് നികത്തി സ്വദേശി ജീവനക്കാരുടെ സന്നദ്ധത ഉറപ്പാക്കാൻ മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നു. കൂടാതെ, സന്ദർശകർക്ക് സൗദി സംസ്കാരത്തിന്റെ യഥാർത്ഥ അനുഭവം പകർന്നുനൽകാൻ പ്രാദേശിക പ്രതിഭകളെ പരിശീലിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുമായി രാജ്യം വലിയ തോതിൽ നിക്ഷേപം നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.



