മക്ക: കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 2.825 കോടി പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ 59 ശതമാനം പേര്‍ ആഭ്യന്തര തീര്‍ഥാടകരും 41 ശതമാനം പേര്‍ വിദേശ തീര്‍ഥാടകരുമാണ്. 2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലത്ത് 1.152 കോടി വിദേശ തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തി ഉംറ കര്‍മം നിര്‍വഹിച്ചത്. 2023 ല്‍ ആദ്യത്തെ ഒമ്പതു മാസക്കാലത്ത് 2.686 കോടി തീര്‍ഥാടകരാണ് ഉംറ കര്‍മം നിര്‍വഹിച്ചത്. ഇതിനെ അപേക്ഷിച്ച് 13,90,000 പേര്‍ കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് തീര്‍ഥാടന കര്‍മം നിര്‍വഹിച്ചു.
2023 മൂന്നാം പാദത്തെ അപേക്ഷിച്ച് 2024 മൂന്നാം പാദത്തില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണം 35 ശതമാനം തോതില്‍ വര്‍ധിച്ചു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 62.5 ലക്ഷം തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. ഇക്കൂട്ടത്തില്‍ 57.4 ശതമാനം പേര്‍ പുരുഷന്മാരും 42.6 ശതമാനം പേര്‍ വനിതകളുമായിരുന്നു.മൂന്നാം പാദത്തില്‍ ഉംറ കര്‍മം നിര്‍വഹിച്ചവരില്‍ 10.7 ശതമാനം സൗദി പൗരന്മാരാണ്. വിദേശങ്ങളില്‍ നിന്നുള്ള 33.5 ലക്ഷം തീര്‍ഥാടകരും സൗദി അറേബ്യക്കകത്തു നിന്നുള്ള 29 ലക്ഷം തീര്‍ഥാടകരുമാണ് മൂന്നാം പാദത്തില്‍ ഉംറ കര്‍മം നികര്‍വഹിച്ചത്. 2023 മൂന്നാം പാദത്തെ അപേക്ഷിച്ച് 2024 മൂന്നാം പാദത്തില്‍ വിദേശ തീര്‍ഥാടകരുടെ എണ്ണം 29.3 ശതമാനം തോതിലും ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം 42.4 ശതമാനം തോതിലും വര്‍ധിച്ചു.
2030 ഓടെ പ്രതിവര്‍ഷം വിദേശങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയര്‍ത്താന്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നു. ബിസിനസ്, വിസിറ്റ് വിസകള്‍ അടക്കം ഏതു വിസയിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കും. ഉംറ വിസാ കാലാവധി 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് വിസാ കാലാവധിയില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയും. ഉംറ വിസക്കാര്‍ക്ക് സൗദിയിലെ ഏതു എയര്‍പോര്‍ട്ടുകളും അതിര്‍ത്തി പ്രവേശന കവാടങ്ങളും വഴി രാജ്യത്ത് പ്രവേശിക്കാനും അനുമതിയുണ്ട്.
2023 ല്‍ വിദേശങ്ങളില്‍ നിന്ന് 1.355 കോടിയിലേറെ ഉംറ തീര്‍ഥാടകരെത്തിയിരുന്നു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. ഇതിനു മുമ്പ് വിദേശ തീര്‍ഥാടകരുടെ എണ്ണം ഏറ്റവും ഉയര്‍ന്നത് 2019 ല്‍ ആയിരുന്നു. 2019 ല്‍ 85.5 ലക്ഷം തീര്‍ഥാടകരാണ് വിദേശങ്ങളില്‍ നിന്ന് എത്തിയത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം 58 ശതമാനം തോതില്‍ വര്‍ധിച്ചു. 2019 നെ അപേക്ഷിച്ച് 2023 ല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 50 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തി. വിസാ നടപടികള്‍ എളുപ്പമാക്കിയത് അടക്കമുള്ള ഇളവുകളുടെയും സൗകര്യങ്ങളുടെയും ഫലമായാണ് വിദേശ തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചത്.
സൗദി വിമാന കമ്പനികളിലെ യാത്രക്കാരെ ലക്ഷ്യമിട്ട് ട്രാന്‍സിറ്റ് വിസയും ആരംഭിച്ചിട്ടുണ്ട്. സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി കടന്നുപോകുന്ന ഏതു യാത്രക്കാര്‍ക്കും ടിക്കറ്റും ട്രാന്‍സിറ്റ് വിസയും ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ നേടാന്‍ സാധിക്കും. ട്രാന്‍സിറ്റ് വിസയില്‍ നാലു ദിവസം സൗദിയില്‍ തങ്ങാന്‍ കഴിയും. ഇതിനിടെ ഉംറ കര്‍മം നിര്‍വഹിക്കാനും മസ്ജിദുബവി സിയാറത്ത് നടത്താനും സാധിക്കും.
ആഭ്യന്തര, വിദേശ തീര്‍ഥാടകര്‍ അടക്കം മുഴുവന്‍ തീര്‍ഥാടകരും ഉംറ കര്‍മം നിര്‍വഹിക്കാന്‍ നുസുക് ആപ്പ് വഴി പെര്‍മിറ്റ് നേടിയിരിക്കണം. മസ്ജിദുന്നബവി റൗദ ശരീഫ് സന്ദര്‍ശനത്തിനും നുസുക് ആപ്പ് വഴി മുന്‍കൂട്ടി പെര്‍മിറ്റ് നേടല്‍ നിര്‍ബന്ധമാണ്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പ്രവേശിക്കാനും നമസ്‌കാരം നിര്‍വഹിക്കാനും പെര്‍മിറ്റുകള്‍ ആവശ്യമില്ല.
സൗദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍
11,98,503 ജീവനക്കാര്‍
ജിദ്ദ – കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ആകെ 11,98,503 പേര്‍ ജോലി ചെയ്യുന്നു. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരുള്ളത് വിദ്യാഭ്യാസ മേഖലയിലാണ്. ആകെ സര്‍ക്കാര്‍ ജീവനക്കാരില്‍ 39 ശതമാനം വിദ്യാഭ്യാസ മേഖലയിലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ഏറ്റവും കൂടുതലുള്ള പ്രവിശ്യ റിയാദ് ആണ്. ആകെ ജീവനക്കാരില്‍ 38 ശതമാനവും റിയാദ് പ്രവിശ്യയിലാണ്.
മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 0.39 ശതമാനം തോതില്‍ കുറഞ്ഞു. മൂന്നാം പാദത്തില്‍ 12,03,224 സര്‍ക്കാര്‍ ജീവനക്കാരുണ്ടായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരില്‍ 11,59,234 പേര്‍ സ്വദേശികളും 39,269 പേര്‍ വിദേശികളുമാണ്. സ്വദേശി ജീവനക്കാരില്‍ 6,54,307 പേര്‍ പുരുഷന്മാരും 5,04,927 പേര്‍ വനിതകളും വിദേശ ജീവനക്കാരില്‍ 20,691 പേര്‍ പുരുഷന്മാരും 18,572 പേര്‍ വനിതകളുമാണ്. സൗദി ജീവനക്കാരില്‍ 56 ശതമാനം പുരുഷന്മാരും 44 ശതമാനം വനിതകളും വിദേശ ജീവനക്കാരില്‍ 53 ശതമാനം പുരുഷന്മാരും 47 ശതമാനം വനിതകളുമാണ്.
പൊതുവിദ്യാഭ്യാസ മേഖലയില്‍ 4,70,515 പേര്‍ ജോലി ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് ഓഫീസ് ഉദ്യോഗസ്ഥരാണ്. ഈ ഗണത്തില്‍ പെടുന്ന 3,89,462 സര്‍ക്കാര്‍ ജീവനക്കാരുണ്ട്. ആകെ ജീവനക്കാരില്‍ 32 ശതമാനം ഓഫീസ് ഉദ്യോഗസ്ഥരാണ്. മൂന്നാം സ്ഥാനത്ത് ആരോഗ്യ മേഖലാ ജീവനക്കാരാണ്. സര്‍ക്കാര്‍ ആരോഗ്യ സര്‍വീസില്‍ 1,13,486 ജീവനക്കാരുണ്ട്. ശേഷിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പത്തു വിഭാഗങ്ങളില്‍ പെടുന്നു.
ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 4,53,543 ജീവനക്കാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 1,77,483 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 1,16,532 ഉം നാലാം സ്ഥാനത്തുള്ള അസീറില്‍ 95,841 ഉം അഞ്ചാം സ്ഥാനത്തുള്ള മദീന പ്രവിശ്യയില്‍ 68,132 ഉം സര്‍ക്കാര്‍ ജീവനക്കാരുണ്ട്. സര്‍ക്കാര്‍ ജീവനക്കാരില്‍ 15 ശതമാനം മക്ക പ്രവിശ്യയിലും പത്തു ശതമാനം കിഴക്കന്‍ പ്രവിശ്യയിലും എട്ടു ശതമാനം അസീറിലും ആറു ശതമാനം മദീനയിലുമാണ്.
സൗദിയില്‍ സ്വകാര്യ മേഖലയില്‍ 8,800 ഗള്‍ഫ് പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തില്‍ 48.8 ശതമാനം പേര്‍ ബഹ്‌റൈനികളും 25.4 ശതമാനം പേര്‍ ഒമാനികളും 25.8 ശതമാനം പേര്‍ മറ്റു ഗള്‍ഫ് രാജ്യക്കാരുമാണ്. 2007 നെ അപേക്ഷിച്ച് സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഗള്‍ഫ് പൗരന്മാരുടെ എണ്ണം ആറരയിരട്ടി വര്‍ധിച്ചു.
ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ കണക്കുകള്‍ പ്രകാരം ജി.സി.സി രാജ്യങ്ങളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ അംഗ രാജ്യങ്ങളിലെ 11,200 പൗരന്മാര്‍ ജോലി ചെയ്യുന്നു. 2007 ല്‍ ജി.സി.സി രാജ്യങ്ങളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ അംഗ രാജ്യങ്ങളിലെ പൗരന്മാര്‍ 12,200 ആയിരുന്നു. ജി.സി.സി രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ അംഗ രാജ്യങ്ങളിലെ 21,200 പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്. 2007 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ ജി.സി.സി അംഗ രാജ്യങ്ങളിലെ പൗരന്മാര്‍ 17,900 ആയിരുന്നു.