ഷാര്‍ജ– ആഗോള ലഹരിക്കടത്ത് സംഘത്തിലെ ഏഴു പേരെ പിടികൂടി ഷാര്‍ജാ പോലീസ്. കാനഡ സ്‌പെയിന്‍, യുഎഇ എന്നിവിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ ആളുകളാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാനഡയിലെ ടൊറന്റോയില്‍ നിന്ന് മലാഗ വഴി കപ്പലില്‍ യുഎഇയിലേക്ക് ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 131 കിലാ മയക്കുമരുന്നും 9,945 ലഹരി ഗുളികകളും പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരില്‍ അഞ്ച് പേര്‍ ഏഷ്യന്‍ പൗരന്മാരാണ്. നിരവധി രാജ്യങ്ങളിലെ ഏജന്‍സികളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ ബാക്കിയുള്ള പ്രതികളെയും അറസ്റ്റ് ചെയ്ത് ലഹരിക്കടത്ത് തടയാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് നിരവധി തവണ കുടുംബത്തോടൊപ്പം വന്ന് പോയിരുന്ന അറബ് പൗരന്റെ നീക്കത്തില്‍ സംശയം തോന്നിയതോടെയാണ് കേസിന്റെ ആരംഭം. അറബ് പൗരന്റെ നീക്കങ്ങളും പ്രദേശത്തെ സംഘങ്ങളുമായുള്ള കൂടിക്കാഴ്ചകളും നിരീക്ഷിച്ച ലഹരിവിരുദ്ധ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മയക്കുമരുന്നുകള്‍ ഒളിപ്പിച്ചുവെക്കാനും വിതരണം ചെയ്യാനും കുടുംബത്തെ മറയാക്കുകയായിരുന്നെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി ഷാര്‍ജാ പോലീസ് അറിയിച്ചു. പിന്നീട് ഹരിക്കടത്ത് ശൃംഖയിലെ പ്രധാന കണ്ണികളിലേക്ക് എത്തിച്ചേരാന്‍ ഷാര്‍ജാ പോലീസ് തുടര്‍ച്ചയായി നടത്തിയ അന്യേഷണത്തിലാണ് അഞ്ച് ഏഷ്യന്‍ പൗരന്മാര്‍ കൂടി പിടിയിലാവുന്നത്. പിടിയിലായവരില്‍ ഒരാളുടെ പേരിലുള്ള കണ്ടെയ്‌നറിലാണ് കാര്‍ സ്‌പെയര്‍ പാര്‍ട്‌സില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.