ജിദ്ദ – സൗദിയില്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും കുത്തകവല്‍ക്കരണം അടക്കമുള്ള നിഷേധാത്മക പ്രവണതകള്‍ തടയുകയും ചെയ്യുന്ന കോംപറ്റീഷന്‍ നിയമം ലംഘിച്ച് പരസ്പര ധാരണയോടെ ഉല്‍പന്നങ്ങളുടെ വില നിശ്ചയിച്ചതിന് 13 കമ്പനികള്‍ക്ക് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ മൂന്നര കോടിയിലേറെ റിയാല്‍ പിഴ ചുമത്തി. വിവിധ വാണിജ്യ, സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആകെ 3,69,18,885 റിയാലാണ് പിഴ ചുമത്തിയത്. മത്സരം നിയന്ത്രിക്കുകയും വിപണിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന രീതികളാണ് കമ്പനികളുടെ ഭാഗത്തു നിന്നുണ്ടായത്. കോംപറ്റീഷന്‍ നിയമം ലംഘിച്ച് ഒരേ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പരസ്പര ഏകോപനത്തോടെ വിലകള്‍ നിര്‍ണയിക്കുകയായിരുന്നു.
നഗരസഭാ മാലിന്യത്തിന്റെ പുനഃചംക്രമണ, പുനരുപയോഗ നിരക്കുകള്‍ പര്‌സപര ധാരണയോടെ നിശ്ചയിച്ച വേസ്റ്റ് കളക്ഷന്‍ ആന്റ് റീസൈക്ലിംഗ് കമ്പനിക്ക് ഒരു കോടി റിയാലും അറബ് റീസൈക്ലിംഗ് കമ്പനി ലിമിറ്റഡിന് 54,50,000 റിയാലും കോഴിയിറച്ചി, കോഴിമുട്ട എന്നിവയുടെ ചില്ലറ വില്‍പ്പന വില പരസ്പര ധാരണയിലൂടെ നിശ്ചയിച്ച മോഡേണ്‍ മക്ക റെഫ്രിജറേഷന്‍ കമ്പനി ലിമിറ്റഡിന് 11,99,948 റിയാലും മെഡിക്കല്‍ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ചില്ലറ വില്‍പ്പന വില നിശ്ചയിച്ച നഹ്ദി മെഡിക്കല്‍ കമ്പനിക്ക് 38,39,026 റിയാലും അല്‍ദവാ മെഡിക്കല്‍ സര്‍വീസസ് കമ്പനിക്ക് 18,47,541 റിയാലും സൗദി മാര്‍ക്കറ്റിംഗ് കമ്പനിക്ക് (അല്‍മസ്‌റ മാര്‍ക്കറ്റ്‌സ്) 1,36,342 റിയാലും അല്‍തമീമി മാര്‍ക്കറ്റ്‌സ് കമ്പനിക്ക് 1,08,091 റിയാലും യുണൈറ്റഡ് കമ്പനി ഫോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് മെഡിക്കല്‍ സപ്ലൈസ് ലിമിറ്റഡിന് 1,388 റിയാലുമാണ് പിഴ ചുമത്തിയത്.
പരസ്യത്തിനും പബ്ലിസിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിരക്കുകള്‍ പരസ്പര ധാരണയോടെ നിശ്ചയിച്ച അല്‍ഹദീസ അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിസിറ്റി കമ്പനി ലിമിറ്റഡിന് 70,88,965 റിയാലും മോജത്ത് അല്‍അസര്‍ അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിസിറ്റി കമ്പനിക്ക് 55,30,963 റിയാലും ഖാദന്‍ അഡ്വര്‍ടൈസിംഗ് ആന്റ് പബ്ലിസിറ്റി ഏജന്‍സി കമ്പനിക്ക് 16,81,367 റിയാലും പിഴ ചുമത്തി. അതിര്‍ത്തി പ്രോസ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നിരക്കുകള്‍ സംബന്ധിച്ച് പരസ്പര ധാരണയിലെത്തിയ രിമാല്‍ അല്‍ആരിദ് കോണ്‍ട്രാക്ടിംഗ് കമ്പനിക്കും അല്‍മയാദ് ലീസിംഗ് കമ്പനിക്കും 17,627 റിയാല്‍ തോതില്‍ പിഴ ചുമത്തിയതായും ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ അറിയിച്ചു.
പ്രാദേശിക വിപണിയില്‍ ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കളെ സംരക്ഷിക്കാനും സാമ്പത്തിക കാര്യക്ഷമത വര്‍ധിപ്പിക്കാനും ശ്രമിച്ച് വിപണികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുമെന്നും കുത്തക പ്രവണതകള്‍ ചെറുക്കമെന്നും നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ വ്യക്തമാക്കി.



