ജിദ്ദ – ഈ വര്‍ഷം (ഹിജ്‌റ 1447) വിദേശങ്ങളില്‍ നിന്ന് 1.8 കോടിയിലേറെ ഉംറ തീര്‍ഥാടകര്‍ എത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഉംറ, സിയാറത്ത് ഫോറം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2022 നെ അപേക്ഷിച്ച് 2025 ല്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 214 വളര്‍ച്ച രേഖപ്പെടുത്തി. 2025 ല്‍ സേവനങ്ങളിലുള്ള തീര്‍ഥാടകരുടെ സംതൃപ്തി നിരക്ക് 94 ശതമാനത്തില്‍ എത്തി. പുണ്യഭൂമിയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്നത് മുതല്‍ മടക്കയാത്ര വരെയുള്ള എല്ലാ ഘട്ടങ്ങളിലും നല്‍കുന്ന സേവനങ്ങളിലെയും അനുഭവത്തിന്റെ ഗുണനിലവാരത്തിലെയും പുരോഗതി ഇത് പ്രതിഫലിപ്പിക്കുന്നു.
പ്രവാചക പള്ളിയിലെ റൗദ ശരീഫില്‍ 1.56 കോടിയിലേറെ പേര്‍ സിയാറത്ത് നടത്തി. റൗദ ശരീഫിന്റെ ശേഷി ഇരട്ടിയാക്കിയത് പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാക്കാനും ജനക്കൂട്ടത്തിന്റെ ഒഴുക്ക് ക്രമീകരിക്കാനും സഹായിച്ചു. മതപരവും സാംസ്‌കാരികവുമായ അനുഭവങ്ങളുടെ വൈവിധ്യവല്‍ക്കരണത്തെ പിന്തുണക്കാനായി മക്ക, മദീന, മറ്റ് പ്രവിശ്യകള്‍ എന്നിവിടങ്ങളിലെ 87 ചരിത്ര സ്ഥലങ്ങളും സമ്പന്നമായ ഡെസ്റ്റിനേഷനുകളും തീര്‍ഥാടകര്‍ക്കു മുന്നില്‍ എടുത്തുകാണിച്ചു. നുസുക് ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ എണ്ണം 5.1 കോടി കവിഞ്ഞു. ബുക്കിംഗ് സേവനങ്ങള്‍, യാത്രകള്‍ മാനേജ് ചെയ്യല്‍, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും അനുഭവം മെച്ചപ്പെടുത്തല്‍ എന്നിവക്കായി ഡിജിറ്റല്‍ പരിഹാരങ്ങളെ ആശ്രയിക്കുന്നത് വര്‍ധിക്കുന്നതിനെ ഈ കണക്കുകള്‍ സ്ഥിരീകരിക്കുന്നതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.



