ബാഴ്സലോണ– സാമ്രാജ്യവും പ്രജകളെയും ഉപേക്ഷിച്ച് മോക്ഷം തേടി പോയ രാജാവ് ഒടുവിൽ മടങ്ങിയെത്തി. ഒരിക്കൽ താൻ അടക്കി ഭരിച്ചിരുന്ന തന്റെ മണ്ണും പുല്ലും അയാളുടെ ഇടങ്കാലിൽ ഒരിക്കൽ കൂടി തലോടി. ചുവപ്പും നീലയും ജേഴ്സിയിൽ അല്ലെങ്കിൽ കൂടി തങ്ങളുടെ സിംഹാസനത്തിന്റെ അധിപന്റെ കാൽ പാടുകൾ ആ മണ്ണ് അറിഞ്ഞിരിക്കണം. അറിയാതെ എവിടെ പോകാൻ. തന്റെ ബാല്യവും,കൗമാരവും യൗവ്വനവും അയാൾ അപ്പോൾ ഓർത്തെടുത്തു എന്നുറപ്പാണ്. അതെ, സന്തോഷങ്ങളിലും ആർപ്പുവിളികളിലും കണ്ണീരിലുമെല്ലാം ക്യാമ്പ് നൗവിൽ തുണയായവൻ, ലോകത്തിന്റെ മിശിഹ. മെസ്സിയുടെ പവിത്രമായ വിയർപ്പു തുള്ളികളേറ്റ് മാത്രം മുളച്ചുപൊന്തിയ പുൽ തകിടങ്ങൾ ഒരിക്കൽ കൂടി തങ്ങളുടെ രാജാവിനെ സ്വീകരിച്ചു. രാജകുമാരനിപ്പോൾ പൂർണത കൈവരിച്ച രാജാവു തന്നെയാണ്. വെട്ടിപിടിച്ച് ലോകം കീഴടക്കിയ, മാന്ത്രികത കൈവശമുള്ള രാജാവ്, ക്യാമ്പ് നൗവിലെത്തിയപ്പോൾ.. ആഘാതമായ മൗനത്തിലും മണ്ണും വിണ്ണും ആർത്തു വിളിച്ചു.
മെസ്സിയുടെ ഈ രഹസ്യ കാമ്പ് നൗ സന്ദർശനം ആരാധകർക്ക് വലിയ സർപ്രൈസായി മാറിയിരിക്കുകയാണ്. ഈ സന്ദർശനം ബാഴ്‌സ ആരാധകർക്കിടയിൽ മെസ്സിയുടെ മടങ്ങിവരവിനുള്ള വലിയ പ്രതീക്ഷകൾക്ക് തിരികൊളുത്തി. ജനുവരിയിൽ മെസ്സി യൂറോപ്പിൽ കളിച്ചേക്കുമെന്ന ഊഹാപോങ്ങൾക്കിടയിലുള്ള ഈ വരവ് കൂടുതൽ പ്രതീക്ഷയേകുന്ന ഒന്നാണ്.
ഏകദേശം 1.5 ബില്യൺ യൂറോ ചെലവിൽ നവീകരണം പുരോഗമിക്കുന്ന ക്യാമ്പ് നൗവിൻ്റെ ഭാഗികമായി തുറന്ന ഭാഗമാണ് മെസ്സി സന്ദർശിച്ചത്. സന്ദർശനത്തിന് ശേഷം താരം ഇൻസ്റ്റാഗ്രാമിൽ ഹൃദയസ്പർശിയായ ഒരു പോസ്റ്റ് പങ്കുവെച്ചു: “ഇന്നലെ രാത്രിയിൽ ഞാൻ എൻ്റെ ഹൃദയം എപ്പോളും മിസ് ചെയ്‌തിരുന്ന ഒരു സ്ഥലത്തേക്ക് തിരിച്ചെത്തി. ഞാൻ അതിയായി സന്തോഷിച്ചിരുന്ന, എന്നെ ഒരുപാട് തവണ ലോകത്തിലെ ഏറ്റവും സന്തോഷവാനാക്കിയിരുന്ന സ്ഥലത്തേക്ക്. വീണ്ടും ഇവിടേക്ക് തിരിച്ചെത്താനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”
38-ാം വയസിലും ഇൻ്റർ മിയാമിയിൽ തിളങ്ങുന്ന മെസ്സി 2026-ൽ ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കാം എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എം.എൽ.എസ് സീസൺ സമാപിക്കാനിരിക്കെ ലയണൽ മെസ്സിയുടെ ഒരു ഇടക്കാല തിരിച്ചുവരവിനുള്ള സൂചനയായും സന്ദർശനത്തെ വിലയിരുത്തുന്നവർ കുറവല്ല. ക്യാമ്പ് നൗവിൻ്റെ പൂർണ്ണ നവീകരണം 2026 മധ്യത്തോടെ പൂർത്തിയാകുമ്പോൾ, ക്ലബ്ബിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിന് ഒരു ഔദ്യോഗിക യാത്രപറയൽ മത്സരം നടത്താൻ ബാഴ്‌സ ആലോചിക്കുന്നുണ്ട്. ചില റിപ്പോർട്ടുകൾ പറയുന്നത്, ഒരു സീസൺ എങ്കിലും ബാഴ്‌സലോണ ജേഴ്‌സിയിൽ കളിച്ച് വിരമിക്കാൻ മെസ്സി ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ്. അത് അങ്ങനെ തന്നെ യാഥാർത്യമാകട്ടെയെന്നാണ് ഓരോ മെസ്സിയാരാധകന്റെയും പ്രാർഥന.



