ഗോവ– ലയണൽ മെസ്സിയും സംഘവും അടങ്ങുന്ന അർജന്റീന സൗഹൃദ മത്സരം കളിക്കാൻ കേരളത്തിലേക്ക് നവംബറിൽ എത്തില്ല എന്ന വാർത്തക്ക് പിന്നാലെ ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തി മറ്റൊരു വാർത്ത. ഗോവയിൽ നടക്കുന്ന എഫ്‌സി ഗോവയും അല്‍ നസ്‍റും തമ്മിലുള്ള മത്സരത്തിൽ പോർച്ചുഗീസ് ഇതിഹാസതാരമായ ക്രിസ്ത്യാനോ റൊണാൾഡോ കളിക്കില്ല. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്‍റിലെ പോരാട്ടത്തിനായി ഗോവയിൽ എത്തുന്ന അല്‍ നസ്‍ര്‍ സ്ക്വാഡില്‍ താരത്തെ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ സൗദി മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അൽ നസ്ർ പരിശീലകൻ ജോർജ് ജീസസിനെ ഉദ്ധരിച്ചുകൊണ്ടാണ് സൗദി മാധ്യമം വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ക്ലബ്ബ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഈ മാസം 22ന് ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തിലാണ് അല്‍ നസ്‍റും എഫ്സി ഗോവയും ഏറ്റുമുട്ടുക. അൽ നസ്ർ താരങ്ങൾ മത്സരത്തിനായി ഇന്ന് ഗോവയിലെത്തും. റൊണാള്‍ഡോ ഇല്ലെങ്കിലും അല്‍ നസ്‍റിലെ പ്രമുഖ താരങ്ങളായ സാദിയോ മാനെ, ജാവോ ഫെലിക്സ് എന്നിവര്‍ ഗോവയ്ക്കെതിരെ ഇറങ്ങും.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ശാരീരിക ക്ഷമത നിലനിർത്താൻ യാത്രകളും മറ്റും ശ്രദ്ധയോടെ ക്രമീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് താരത്തിൻ്റെ ഈ പിൻവാങ്ങൽ.



