ലണ്ടൻ– ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന മത്സരങ്ങളിൽ ഇറങ്ങിയ വമ്പന്മാർ എല്ലാം സമനിലയിൽ കുരുങ്ങി. മാഞ്ചസ്റ്റർ സിറ്റി – ചെൽസി തമ്മിലുള്ള ആവേശ പോരാട്ടം ഓരോ ഗോൾ വീതം അടിച്ച് പിരിഞ്ഞപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഫുൾഹാമിനോടും മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡിനോടും സമനില വഴങ്ങി. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം സണ്ടർലാൻഡിനോടും ഒരു പോയിന്റ് നേടി തൃപ്തി നേടേണ്ടിവന്നു.
കോച്ച് എൻസോ മാരെസ്ക പുറത്തായതിന് ശേഷം താൽക്കാലിക പരിശീലകൻ കാലം മക്ഫർലെയ്‌നിന്റെ കീഴിലിറങ്ങിയ ചെൽസി സിറ്റിയെ അവസാനം നിമിഷം നേടിയ ഗോളിലാണ് സമനിലയിൽ തളച്ചത്. മത്സരത്തിന്റെ അധികസമയവും ആധിപത്യം പുലർത്തിയ സിറ്റി 42-ാം മിനുറ്റിൽ ടിജ്ജാനി റെയ്ജണ്ടേഴ്സിന്റെ ഗോളിൽ മുന്നിലെത്തി. വീണ്ടും നിരവധി അവസരങ്ങൾ മുൻ ചാമ്പ്യന്മാർ സൃഷ്ടിച്ചെങ്കിലും ചെൽസി പ്രതിരോധനിര ഇതെല്ലാം വിഫലമാക്കി. മത്സരം 90 മിനുറ്റും കഴിഞ്ഞ് സിറ്റി വിജയത്തിലേക്ക് നിങ്ങവേ എൻസോ ഫെർണാണ്ടസ് സമനില ഗോൾ നേടി പ്രതീക്ഷകളെ തകർത്തു.
ഫുൾഹാം – ലിവർപൂൾ ആവേശകരമായ പോരാട്ടം അവസാനിച്ചത് 2-2 ലാണ്. ഫുൾഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 17-ാം മിനുറ്റിൽ ഹാരി വിൽസൺ നേടിയ ഗോളിൽ ആതിഥേയർ മുന്നിലെത്തി. 57-ാം മിനുറ്റിൽ ഫ്ലോറിയൻ വിർട്ഴസ് വല കുലുക്കിയത് ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും മിനിറ്റുകൾ എടുത്ത വാർ പരിശോധനയിൽ ഗോൾ ഉറപ്പിച്ചതോടെ പൂൾ ഒപ്പമെത്തി. പിന്നീട് പലതവണ ഫുൾഹാം നിലവിലെ ചാമ്പ്യന്മാരുടെ പോസ്റ്റിൽ അപകടം സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. ഇഞ്ചുറി സമയത്തിന്റെ നാലാം മിനുറ്റിൽ കോഡി ഗാക്പോ പന്ത് ലക്ഷ്യത്തിലെത്തിച്ചു അതിഥികൾക്ക് ലീഡ് നൽകി. മൂന്ന് പോയിന്റ് ഉറപ്പിച്ച പൂളിന്റെ താരങ്ങളെയും താരങ്ങളെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഫുൾഹാം തിരിച്ചടിച്ചു. ബോക്സിന്റെ പുറത്ത് നിന്ന് ഗോൾകീപ്പർ അലിസൺ ബക്കറെ കാഴ്ചക്കാരനാക്കി ഹാരിസൺ റീഡ് എടുത്ത ഷോട്ട് പോസ്റ്റിന്റെ മൂലയിലേക്ക് കയറുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലീഡ്സ് വിലപ്പെട്ട ഒരു പോയിന്റ് നേടി. ബ്രാൻഡൻ ആരോൺസൺ 62-ാം മിനുറ്റിൽ ഗോൾ നേടി ലീഡ്‌സിനെ മുന്നിലെത്തിച്ചെങ്കിലും മൂന്നു മിനുറ്റുകൾക്ക് ശേഷം മാത്യാസ് കുൻഹയിലൂടെ ചെകുത്താൻമാർ ഗോൾ നേടുകയായിരുന്നു.
ടോട്ടൻഹാം – സണ്ടർലാൻഡ് മത്സരവും അവസാനിച്ചത് ഓരോ ഗോൾ വീതം നേടിയാണ്. 30-ാം മിനുറ്റിൽ ബെൻ ഡേവിസ് ലക്ഷ്യം കണ്ടു ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു. 80-ാം മിനുറ്റിൽ ബ്രയാൻ ബ്രോബറിയാണ് എതിരാളികളുടെ സമനില ഗോൾ നേടിയത്.
മറ്റു മത്സരങ്ങൾ
എവർട്ടൺ – 2 ( ബെറ്റോ – 66/ തിയർനോ ബാറി – 90+1)
ബ്രെന്റ്ഫോഡ് – 4 ( ഇഗോർ തിയാഗോ – 11,51,88/ നാഥൻ കോളിൻസ് – 50)
ന്യൂകാസ്റ്റൽ യുണൈറ്റഡ് – 2 ( ബ്രൂണോ ഗുമിറെസ് – 71/ മാലിക്ക് തിയാവ് – 78)
ക്രിസ്റ്റൽ പാലസ് – 0



