ലണ്ടൻ– ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആഴ്സണലുമായുള്ള വ്യത്യാസം രണ്ടായി കുറച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവതാരം നിക്കോ ഒറെയ്ലിയുടെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് നിർണ്ണായക വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സിറ്റി 14-ാം മിനുറ്റിൽ ഒറെയ്ലിയിലൂടെ മുന്നിലെത്തിയിരുന്നു. എന്നാൽ 22-ാം മിനുറ്റിൽ ലൂയിസ് ഹാളിലൂടെ ന്യൂകാസിൽ തിരിച്ചടിച്ചു. പിന്നീട് അഞ്ചു മിനുറ്റുകൾക്ക് ശേഷം ഏർലിംഗ് ഹാലണ്ടിന്റെ ക്രോസിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെ ഒറെയ്ലി സിറ്റിയുടെ വിജയഗോൾ കണ്ടെത്തി. ഈ വിജയത്തോടെ 26 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. 27 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുള്ള ആഴ്സണലിന് ഇന്ന് നടക്കുന്ന നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമിനെതിരെ വിജയിക്കുക എന്നത് ഏറെ നിർണ്ണായകമാണ്.
മറ്റ് മത്സരങ്ങളിൽ കരുത്തരായ ചെൽസിയും ആസ്റ്റൺ വില്ലയും സമനിലയിൽ കുരുങ്ങി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബേൺലിയോട് ചെൽസി 1-1 സമനില വഴങ്ങി. വെസ്ലി ഫൊഫാന ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് തിരിച്ചടിയായി. ജാവോ പെഡ്രോയിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും സിയാൻ ഫ്ലെമിംഗിലൂടെ ബേൺലി വിലപ്പെട്ട സമനില പിടിച്ചുവാങ്ങി. ലീഡ്സ് യുണൈറ്റഡുമായി ഏറ്റുമുട്ടിയ ആസ്റ്റൺ വില്ലയും 1-1 സമനിലയിൽ പിരിഞ്ഞു. അവസാന നിമിഷം ടാമി എബ്രഹാം നേടിയ ഗോളാണ് വില്ലയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. മറ്റ് മത്സരങ്ങളിൽ ബ്രൈറ്റൺ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തി. വെസ്റ്റ് ഹാം – ബേൺമൗത്ത് പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.



