ലണ്ടൻ– പ്രീമിയർ ലീഗിലെ വമ്പൻമാരുടെ പോരാട്ടത്തിൽ ആർസണലിനെ സമനിലയിൽ തളച്ച് ലിവർപൂൾ. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ ഗോൾ രഹിത സമനിലയിൽ മത്സരം അവസാനിച്ചു.
ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി എട്ടു പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരാനുള്ള ആർസണൽ അവസരമാണ് കളഞ്ഞു കുളിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പീരങ്കിപട നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലിവർപൂൾ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതിയിൽ തന്നെ ലിവർപൂളിന്റെ കോണർ ബ്രാഡ്‌ലിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആർസണലിന് ഭാഗ്യമായി. മികച്ച പ്രസ്സിങിലൂടെ ആതിഥേയരെ ഞെട്ടിപ്പിച്ച് പൂൾ മികച്ച കളി പുറത്തിറത്തെങ്കിലും ഫൈനൽ തേർഡിലെ പോരായ്മകൾ മറ്റൊരു മത്സരത്തിലും നിലവിലെ ചാമ്പ്യന്മാർക്ക് തിരിച്ചടിയായി. ഗബ്രിയേൽ ജീസസിനെ ഇറക്കി ആർസണൽ ആക്രമണം ശക്തമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ടാം പകുതിയിൽ ആർസണലിന്റെ ഭാഗത്തുനിന്നുള്ള ആദ്യ ഷോട്ട് വന്നത് ഇഞ്ചുറി സമയത്താണ്.
സമനില വഴങ്ങിയെങ്കിലും 49 പോയിന്റോടെ ആർസണൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 43 പോയിന്റ് വീതമുള്ള സിറ്റി രണ്ടാമതും ആസ്റ്റൺ വില്ല മൂന്നാമതുമാണ്. തുടർച്ചയായി മൂന്നാം മത്സരത്തിലും സമനില വഴങ്ങിയ ലിവർപൂൾ 35 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.



