ലണ്ടൻ– കാരബാവോ കപ്പ് സെമി ഫൈനൽ ആദ്യ പാദത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ വിജയം നേടിയത്. ജനുവരി ട്രാൻസ്ഫറിൽ ടീമിൽ എത്തിച്ച അന്റോയിൻ സെമെനിയോ, റയാൻ ചെർക്കി എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളൊന്നും നേടാനായില്ല എന്നു മാത്രല്ല ഇരു ടീമുകളും ആകെ എടുത്തത് രണ്ട് ഷോട്ട് ഓഫ് ടാർഗറ്റുകളാണ്. തുടക്കത്തിൽ ആതിഥേയരായ ന്യൂകാസിൽ ആയിരുന്നു മികച്ച മുന്നേറ്റങ്ങൾ നടത്തിയിരുന്നു. അഞ്ചാം മിനിറ്റിൽ തന്നെ യോവാൻ വിസയ്ക്ക് ലഭിച്ച സുവർണ്ണാവസരം നഷ്ടമായത് ന്യൂകാസിലിന് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ ഇരുവരും ആക്രമിച്ചു കളിച്ചു. 53-ാം മിനിറ്റിൽ ബെർണാഡോ സിൽവ നൽകിയ പന്തിൽ നിന്നും അന്റോയിൻ സെമെനിയോ സിറ്റിയെ മുന്നിലെത്തിച്ചു. സിറ്റിക്കായുള്ള തന്റെ ആദ്യ രണ്ടു മത്സരത്തിലും സെമെനിയോ ഗോൾ നേടുന്നത് സിറ്റി ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ന്യൂകാസിൽ സമനിലയ്ക്കായി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ റയാൻ ചെർക്കി രണ്ടാം ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്തിന്റെ ഒമ്പതാം മിനിറ്റിൽ ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിച്ചതോടെ സിറ്റിയുടെ വിജയം പൂർണ്ണമായി. ഇതിനിടെ സെമെനിയോ നേടിയ മറ്റൊരു ഗോൾ വാർ പരിശോധനയിൽ ഓഫ്‌സൈഡ് എന്ന് കണ്ടെത്തി ഒഴിവാക്കിയത് വലിയ തർക്കങ്ങൾക്ക് വഴിവെച്ചു. ആറ് മിനിറ്റോളം നീണ്ട പരിശോധനകൾക്കൊടുവിലാണ് ഗോളല്ലെന്ന തീരുമാനത്തിൽ റഫറി എത്തിയത്. ഇതിൽ പരിശീലകൻ പെപ് ഗ്വാർഡിയോള കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
രണ്ടാം പാദ സെമി ഫൈനൽ ഫെബ്രുവരി നാലിന് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടക്കും. സ്വന്തം കാണികൾക്ക് മുന്നിൽ രണ്ട് ഗോളിന്റെ മുൻതൂക്കവുമായി ഇറങ്ങുന്ന സിറ്റിക്ക് അനൂകലമാണ്.



