കൊച്ചി- മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോ ജോസ് സിനിമയെ പറ്റിയുള്ള അശ്വന്ത് കോക്കിന്റെ വീഡിയോ യുറ്റ്യൂബ് നീക്കം ചെയ്തു. കോപ്പിറൈറ്റ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കിയത്. ഇന്നലെയാണ് ടർബോ ജോസ് തിയറ്ററുകളിൽ എത്തിയത്.
സിനിമയെ പറ്റിയുള്ള അശ്വന്ത് കോക്കിന്റെ റിവ്യൂ ഇന്നലെ പുറത്തുവന്നിരുന്നു. റിവ്യൂ കോപ്പി റൈറ്റ് നിയമം ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുറ്റ്യൂബ് നടപടി സ്വീകരിച്ചത്. അതേസമയം, റിവ്യൂ ഫെയ്സ്ബുക്കിൽ ലഭ്യമാണ്.
വീഡിയോ നീക്കിയതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ ഇതിനെ അനുകൂലിച്ചും രംഗത്തെത്തി.
ഇന്നലെ തിയറ്ററിൽ എത്തിയ സിനിമ ഹൗസ് ഫുള്ളായാണ് ഓടിക്കൊണ്ടിരിക്കുന്നത്. ടർബോ ജോസ് എന്ന ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. സിനിമക്ക് വേണ്ടി വൻ പ്രമോഷനാണ് അണിയറ പ്രവർത്തകർ നൽകിയത്. വൈശാഖാണ് സിനിമ സംവിധാനം ചെയ്തത്.