വിനോദസഞ്ചാരത്തിന്റെ കാര്യത്തിൽ സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നാണ് അൽബാഹ. രാജ്യത്തെ ഏറ്റവും മനോഹരമായ സുഖവാസ കേന്ദ്രമായ അൽബാഹ പ്രകൃതി വിസ്മയങ്ങളുടെ കലവറയാണ്. താഇഫിനെയും അൽബാഹയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെ പോകാതെ സുക്സാൻ എന്ന സ്ഥലത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് ഉൾനാടൻ ഗ്രാമങ്ങളിലൂടെയുള്ള മലമ്പാതയാണ് ഞങ്ങൾ തെരഞ്ഞെടുത്തത്. അതിനൊരു കാരണമുണ്ട്. ഈ റൂട്ടിലാണ് ബനൂ സഅദ് ഗ്രാമം. മുഹമ്മദ് നബി കുട്ടിക്കാലം ചിലവിട്ട നാട്. നബിയുടെ പോറ്റുമ്മയായ ഹലീമയുടെ കുടുംബപ്പേരിലാണ് പ്രദേശം അറിയപ്പെടുന്നത്. മക്കയുടെ കിഴക്കുഭാഗത്തായി താഇഫ് നഗരത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ ദൂരെ താഇഫ്, മീസാൻ, ബനീ മാലിക്, അൽബാഹ എന്നിവയെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് റോഡിലാണ് ബനൂ സഅദ് സ്ഥിതി ചെയ്യുന്നത്. നിരവധി ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് ബനൂ സഅദ് പ്രദേശം.

താഇഫിൽ നിന്ന് സുഹൃത്ത് ശിഹാബ് കൊളപ്പുറം അയച്ചുതന്ന ലൊക്കേഷൻ നോക്കിയാണ് യാത്ര. നിശബ്ദത പുതഞ്ഞു കിടക്കുന്ന വിജനമായ പാത. മലഞ്ചെരിവിലെ പച്ചപ്പ് തേടി ഒരു ചെമ്മരിയാടിൻ കൂട്ടവും ആട്ടിടയനും നടന്നുനീങ്ങുന്നു. ഹംസ കാറിൻ്റെ ഗ്ലാസ് താഴ്ത്തി ഉറക്കെ സലാം പറഞ്ഞു. ആട്ടിടയനോടൊപ്പം ആടുകളും തിരിഞ്ഞ് നോക്കി സലാം മടക്കിയത് പോലെ. ഹംസയുടെ അയൽവാസി നിസാബും ഭാര്യയും അതിൻ്റെ രസം പറഞ്ഞ് ചിരിക്കുകയാണ്. കുറച്ചുകൂടി സഞ്ചരിച്ചപ്പോൾ വലിയൊരു ഒട്ടകക്കൂട്ടം റോഡിലൂടെ നടന്ന് വരുന്നു. വാഹനം നിർത്തുകയല്ലാതെ രക്ഷയില്ല. കരുത്തുറ്റ നീളൻ കാലുകളും പൂഞ്ഞയും നീണ്ട കഴുത്തും കുലുക്കി വരുന്ന തടിമാടൻമാരുടെ തലയെടുപ്പോടെയുള്ള നടത്തം ഒന്ന് കാണേണ്ടതു തന്നെ. കൂട്ടത്തിൽ ഓമനത്വം തുളുമ്പുന്ന കുഞ്ഞൊട്ടകങ്ങളുമുണ്ട്. ഞങ്ങളെ ഗൗനിക്കാതെ ഗമയിൽ കടന്നുപോകുന്ന മരുഭൂമിയിലെ കപ്പലുകൾക്ക് വഴിമാറിക്കൊടുത്ത് ഞങ്ങളുടെ വാഹനം മെല്ലെ മുന്നോട്ടു നീങ്ങി.
ലൊക്കേഷൻ്റെ പരിധി കഴിഞ്ഞിട്ടും സ്പോട്ടിൽ എത്താൻ കഴിയുന്നില്ല. വഴിതെറ്റിയെന്ന് ഉറപ്പായി. ശിഹാബിനെ വിളിച്ച് ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ അടയാളങ്ങൾ പറഞ്ഞുകൊടുത്തു. തിരിച്ചുവന്ന് ഇടതുഭാഗത്ത് കാണുന്ന ഇടുങ്ങിയ റോഡിലേക്ക് ഇറങ്ങാൻ പറഞ്ഞു. മൺറോഡിലൂടെ കിലോമീറ്ററോളം സഞ്ചരിച്ച് അവിടെയെത്തി. അങ്ങകലെ മലമുകളിൽ ചില ഒറ്റപ്പെട്ട വീടുകൾ കാണുന്നതല്ലാതെ പരിസരത്തൊന്നും ആളനക്കമില്ല. വിശാലമായ മതിൽ കെട്ടിനുള്ളിൽ ഒരു കബർസ്ഥാൻ കാണാം. ഹലീമാബീവി(റ)യുടെ വീട് നിന്നിരുന്നത് എന്നനുമാനിക്കുന്ന സ്ഥലം ഉരുളൻ കല്ലുകൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. അതിനുള്ളിൽ കുറച്ച് മുസ്വല്ലകളും ഉണ്ട്. ഇവിടെ വെച്ചാണ് ബാലനായ നബി ﷺയെ നെഞ്ച് പിളർത്തിയ അത്ഭുത സംഭവം നടന്നത് എന്നാണ് പറയപ്പെടുന്നത്. വിസ്താര ഭയത്താൽ ചരിത്രം വിശദീകരിക്കുന്നില്ല. കുറച്ചുനേരം അവിടെയെല്ലാം വിശാലമായി നടന്നുകണ്ട് വാഹനം തിരിച്ചു.
അൽ ബാഹയിലേക്കുള്ള വഴിയിൽ വേറെയും പുരാതന ഗ്രാമങ്ങളും നിർമിതികളും ഉണ്ട്. അതറിയുന്നതിനു വേണ്ടി ബനീ സഅദിൽ ഹോട്ടൽ നടത്തുന്ന കൊളത്തൂർ സ്വദേശി ഇബ്രാഹിംകയുടെ നമ്പർ ശരീഫ്ക്ക തന്നിരുന്നു. രാവിലെ നാസ്ത്ത അവിടെ വെച്ചാവാം എന്നും പറഞ്ഞു. വിളിച്ചത് പ്രകാരം അദ്ദേഹം ലൊക്കേഷൻ അയച്ചു തന്നു. കുറച്ചു ദൂരം സഞ്ചരിക്കാനുണ്ട്. നല്ല വൃത്തിയുള്ള ചെറിയൊരു അങ്ങാടി. അത്യാവശ്യം കടകളും വീടുകളുമുണ്ട്. പോലീസ് സ്റ്റേഷനോട് ചാരിയാണ് ഹോട്ടൽ. ഇബ്രാഹിംക ഈ കുഗ്രാമത്തിൽ എത്തിയിട്ട് 30 വർഷമായി. ജോലിക്കാരായി നാലഞ്ച് മലയാളികളുമുണ്ട്. അറേബ്യൻ ഫുഡാണ് വിളമ്പുന്നത്. ആട് കബ്ദയും (ലിവർ) സക്ശൂക്കയും പൊറാട്ടയും കഴിച്ച് പുറത്തിറങ്ങി.
പോകുന്ന വഴിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിർമ്മിതികളെക്കുറിച്ച് ഇബ്രാഹിംക സൂചിപ്പിച്ചിരുന്നു. പിന്നെ അത് ശ്രദ്ധിച്ചായി യാത്ര. കുറച്ചുകൂടി സഞ്ചരിച്ചപ്പോൾ ദൂരെ കുന്നിൻ മുകളിൽ കോട്ട പോലെ ഒരു എടുപ്പ്. വാഹനം അല്പം കൂടി മുന്നോട്ട് നീങ്ങിയപ്പോൾ മുകളിലേക്ക് കയറി പോകുന്ന വീതി കുറഞ്ഞ റോഡ് കണ്ടു. അതൊരു തോട്ടത്തിലേക്ക് ഉള്ളതായിരുന്നു. അവിടെ കണ്ട ജോലിക്കാരനോട് കോട്ടയിലേക്കുള്ള വഴി ചോദിച്ചു. യമനി കൈ പിടിച്ച് കൊണ്ടുപോയി വഴി കാണിച്ചുതന്നു. അതീവ ദുഷ്കരമായ റോഡ്. എങ്കിലും കോട്ട കാണാനുള്ള ജിജ്ഞാസയിൽ ഉരുളൻ കല്ലിലൂടെ പതുക്കെ സഞ്ചരിച്ച് കോട്ടയുടെ മുമ്പിലെത്തി.
കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. എന്തൊരു നിർമ്മിതിയാണിത്. സമനിരപ്പല്ലാത്ത കുന്നിൻ മുകളിൽ പൂർണ്ണമായും കൽച്ചീളുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒന്നിനു മുകളിൽ ഒന്നായി കൽച്ചീളുകൾ കൃത്യമായ അളവിൽ അടുക്കിവെച്ച് നിർമ്മിച്ച കോട്ട എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് നൂറ്റാണ്ടുകളായി ഒരു കേടുപാടും സംഭവിക്കാതെ നിൽക്കുന്നത് അത്ഭുത കാഴ്ച തന്നെ. കുന്നിൻ മുകളിലേക്ക് കുത്തിപ്പിടിച്ച് കയറി. രണ്ട് കോട്ടകൾക്കിടയിലുള്ള വഴിയിലൂടെ ഉള്ളിലേക്ക് ഇറങ്ങി. ഇതേ മാതൃകയിൽ കുറച്ചു വീടുകളും ഒരു മസ്ജിദും കാണാൻ കഴിഞ്ഞു. കോട്ടയിൽ പതിച്ചിരിക്കുന്ന QR code സ്കാൻ ചെയ്തപ്പോൾ വിശദാംശങ്ങൾ ലഭിക്കുകയുണ്ടായി. 400 വർഷം മുമ്പ് കൽദ ഗോത്രം വസിച്ചിരുന്ന ഗ്രാമമാണിത്. തേനീച്ചകളുടെയും വിഷപ്പാമ്പുകളുടെയും വിഹാരഭൂമി കൂടിയാണത്രെ ഈ കോട്ടകൾ. ചില റൂമുകളിലൊക്കെ കയറിയിറങ്ങി. ഹൊറർ സിനിമകൾക്ക് പറ്റിയ ലൊക്കേഷൻ.
സഞ്ചാരം തുടരുകയാണ്. കാലാവസ്ഥയും കാഴ്ചകളും മാറിയിരിക്കുന്നു. പാറക്കുന്നുകൾക്കിടയിലൂടെ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡ്. ചില സ്ഥലങ്ങളിൽ അടികാണാത്ത ഗർത്തങ്ങൾ. ഇടക്കുള്ള പച്ചപ്പുകളിൽ പശുക്കളും ആടുകളും ഒട്ടകങ്ങളും മേഞ്ഞുനടക്കുന്നു. ഒന്നുരണ്ട് സ്ഥലങ്ങളിൽ വിശേഷങ്ങൾ ചോദിച്ചറിയാനെത്തിയ കഴുതകൂട്ടത്തെയും കണ്ടു. കുറെ ദൂരം സഞ്ചരിച്ചപ്പോൾ വണ്ടിയൊന്ന് ഒതുക്കി നിർത്തി ഞങ്ങൾ പുറത്തിറങ്ങി. ഈ നട്ടുച്ച നേരത്തും തണുത്ത കാറ്റ് വീശുകയാണ്. അധികനേരം പുറത്ത് നിന്നില്ല. ടൂറിസ്റ്റ് പാത എന്ന് വെറുതെ പറഞ്ഞതല്ല എന്ന് അനുഭവത്തിലൂടെ ബോധ്യമാകും. ചുറ്റുമുള്ള പച്ച മലകളും മഞ്ഞുമൂടിയ താഴ്‌വരകളും നിരവധി വിനോദ ഉല്ലാസ പാർക്കുകളും സുന്ദര കാഴ്ചകളാണ് സമ്മാനിക്കുന്നത്. മലമടക്കുകളിലെ പാർപ്പിടങ്ങൾ മൂന്നാറിലെയും ഊട്ടിയിലെയും മറ്റും കോട്ടേജുകളെ അനുസ്മരിപ്പിക്കുന്നു. ഉന്നത നിലവാരമുള്ള റോഡിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന തിരക്കും ബഹളവുമില്ലാത്ത ചെറിയ ഗ്രാമങ്ങൾ.
അതിൽപെട്ട ഒരു പ്രധാന ഗ്രാമമാണ് ബനീമാലിക്. താഇഫിൽ നിന്ന് 160 കിലോമീറ്റർ ദൂരമുണ്ട് ഇങ്ങോട്ട്. നിസ്കരിക്കാനും പെട്രോൾ അടിക്കാനുമാണ് ഇവിടെ നിർത്തിയത്. ബകാലയിലേക്ക് ചെന്നപ്പോൾ അവിടെയും മലയാളി. വേങ്ങര-വലിയോറ സ്വദേശി. ആള് കല്യാണം കഴിച്ചിരിക്കുന്നത് നമ്മുടെ നാട്ടിൽ നിന്നാണ്. പേരും അഡ്രസ്സും ചോദിച്ചപ്പോൾ അമ്മോശൻ അടുത്ത പരിചയക്കാരൻ. ഇരുപതിലധികം മലയാളികൾ ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടത്രേ. പ്രകൃതി സൗന്ദര്യത്തിന്റെ അക്ഷയഖനിയാണ് ബനീമാലിക്. അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും തണുത്ത കാലാവസ്ഥയും ബനീ മാലികിനെ വ്യത്യസ്തമാക്കുന്നു. ചൂട് കൂടുമ്പോൾ ജിദ്ദയിൽ നിന്നും പരിസരപ്രദേശത്ത് നിന്നും സ്വദേശികൾ കുടിയേറുന്ന സ്ഥലം കൂടിയാണത്രെ ബനീമാലിക്. ബദാം, ചോളം, മാതളനാരകം, മുന്തിരി, പീച്ച്, ആപ്രിക്കോട്ട്, അത്തിപ്പഴം, ബർഷൂമി തുടങ്ങി നിരവധി പഴങ്ങളും ഇവിടെ വളരുന്നു. കുറഞ്ഞ സമയത്തെ വിശ്രമത്തിനുശേഷം ബനീ മാലികിനോട് വിട പറയുകയാണ്. യാത്രയിലുടനീളം പ്രകൃതി സൗന്ദര്യത്തിന്റെ ഘോഷയാത്രയായിരുന്നു. അൽബാഹയിലെത്താൻ ഇനിയും 100 km സഞ്ചരിക്കണം. കാഴ്ചകളുടെ ഉത്സവം തീർക്കുന്ന അൽബാഹയിലേക്ക് മനസിനേയും വാഹനത്തേയും പായിച്ച് ഹരിതാഭമായ വഴിയോരക്കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഞങ്ങളിരുന്നു.