ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ് ശജൂന്‍ അല്‍ഹാജിരി എന്ന കുവൈത്തി നടിയുടെ ജീവിത കഥ. അതിപ്രശസ്തിയിൽ നിൽക്കുമ്പോഴാണ് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക് ശജൂൻ പതിച്ചത്. ജനിച്ചയുടൻ പെറ്റമ്മ തെരുവിലുപേക്ഷിച്ച പൈതലായിരുന്നു ശജൂൻ. ആ പെൺകുട്ടി ലോകം കീഴടക്കിയതിന് പിന്നിൽ നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വല്ലാത്തൊരു കഥയുണ്ട്.
സ്വന്തം ഉപയോഗത്തിനായി ലഹരി പദാർത്ഥങ്ങളായ മരിജുവാനയും കൊക്കൈനും കൈവശം വെച്ചതിന് കുവൈത്ത് പോലീസ് ശജൂൻ ഹാജിരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കുവൈത്തി നടി ശുജൂന്‍ അല്‍ഹാജിരി അറസ്റ്റിലായി വെറും മൂന്നു വാക്കുകൾക്കപ്പുറം, ആരുടെയും പിന്തുണയില്ലാതെ ജീവിതം ആരംഭിച്ച്, തന്റേതായ പാത കെട്ടിപ്പടുത്ത ഒരു പെണ്‍കുട്ടിയുടെ ഹൃദയസ്പര്‍ശിയായ യാത്ര.
പെറ്റുവീണ ഉടൻ ശജൂനെ പെറ്റമ്മ തെരുവില്‍ ഉപേക്ഷിച്ചു. 1988 ഫെബ്രുവരി എട്ടിനായിരുന്നു ഇത്. പിന്നീട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയത്തിനു കീഴിലെ അനാഥാലയത്തിലായിരുന്നു ആ കുട്ടിയുടെ ജീവിതം. കുവൈത്തി പൗരനായ മതര്‍ അല്‍ഹാജിരിയും ഭാര്യ ഹയാത്തും ശുജൂനെ ദത്തെടുത്തു. പതിമൂന്ന് വയസ്സ് വരെ അല്‍ഹാജിരി കുടുംബത്തോടൊപ്പം ശജൂൻ താമസിച്ചു. പിന്നീട് അനാഥാലയത്തിലേക്കു തന്നെ മടങ്ങി.
താന്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അനാഥ കുട്ടിയായിരുന്നെന്ന് 2013 ല്‍ ശുജൂന്‍ അല്‍ഹാജിരി ആദ്യമായി ലോകത്തെ അറിയിച്ചു. കൗമാരപ്രായത്തിലാണ് താനാരാണ് എന്ന് മനസ്സിലാക്കിയതെന്നും അനാഥയാണെന്ന് അറിഞ്ഞ് ചിലര്‍ ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും ശുജൂന്‍ ഒരിക്കൽ ഏറെ വേദനയോടെ പറഞ്ഞിരുന്നു.
വളര്‍ത്തു പിതാവ് അല്ഹവാജിര് ഗോത്രത്തില്‍ പെട്ടയാളാണെങ്കിലും ശുജൂന്‍ തന്റെ യഥാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്തിയതോടെ ഗോത്രത്തിലെ ചില അംഗങ്ങള്‍ ശുജൂന്‍ തങ്ങളുടെ ഗോത്രപ്പേര് ഉപയോഗിക്കുന്നതിനെ എതിര്‍ത്തു. അതോടെ അല്ഹവാജിരി എന്ന ഗോത്രപ്പേര് ഉപേക്ഷിച്ച് ശുജൂന്‍ എന്ന ആദ്യ പേര് മാത്രം ഉപയോഗിച്ചു തുടങ്ങി.
ദുഷ്കരമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിൽ കലയായിരുന്നു ശജൂന്റെ ഇഷ്ടരംഗം. കുട്ടികളുടെ പ്രോഗ്രാമായ അല്സവായ ഉമ്മു ഉവൈനയിലൂടെയാണ് ശജൂന്‍ അരങ്ങേറ്റം കുറിച്ചത്. ആറു വയസായിരുന്നു അന്ന് ശുജൂന്റെ പ്രായം. തുടര്‍ന്ന് മാമാ അനീസ എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു. ശജൂന്റെ സ്വതസിദ്ധമായ അഭിനയശേഷി എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഇക്കാലത്ത് തന്നെ, കുവൈത്ത് നാടകങ്ങളിലും സീരിയലുകളിലും ശുജൂൻ തിളങ്ങിത്തുടങ്ങി. കുവൈത്തി കഥകള്‍ (1999), ഐസ് സ്റ്റെപ്സ് (2000), ദി ചോയ്സ് (2001), ലവ് കംസ് ലേറ്റ്, ദി പ്രൈസ് ഓഫ് മൈ ലൈഫ് (2002) തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
മികച്ച മുന്‍നിര നടിക്കുള്ള അവാര്‍ഡ്, കയ്റോ അറബ് മീഡിയ ഫെസ്റ്റിവല്‍ ഗോള്‍ഡന്‍ ക്രിയേറ്റിവിറ്റി അവാര്‍ഡ്, മികച്ച ഗള്‍ഫ് നടിക്കുള്ള അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ശജൂന്റെ നെറ്റിയിലെ പൊൻതൂവലുകളായി.
വളരെ പെട്ടെന്നാണ് ശജൂന്റെ ജീവിതം കാരാഗ്രഹത്തിന്റെ ഇരുട്ടറയിലേക്ക് വീണത്. പലരെയും വീഴ്ത്തിയ ലഹരി ശജൂന്റെയും കരിയറിനെ നശിപ്പിച്ചു. വിസ്മയിപ്പിക്കുന്ന ഒരു പോരാട്ടത്തിന്റെ വെള്ളിവെളിച്ചത്തിന് ദുരന്തപര്യവസാന തിരശ്ശീല വീഴുകയാണ്..