മുംബൈ: അക്ഷയ് കുമാർ, അർഷദ് വാർസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ജോളി എൽഎൽബി 3 നിയമപ്രശ്‌നങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ജുഡീഷ്യറിയെ അപഹസിക്കുന്നു എന്ന പരാതിയെ തുടർന്ന് പൂനെ കോടതി ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും നടന്മാർക്കും നോട്ടീസ് അയച്ചു. അഭിഭാഷകനായ വാജിദ് ഖാൻ ബിഡ്കർ നൽകിയ പരാതിയിൽ, ചിത്രം നീതിന്യായവ്യവസ്ഥയെയും കോടതി നടപടികളെയും പരിഹസിക്കുന്നുവെന്ന് ആരോപിക്കുന്നു.
ജോളി എൽഎൽബി 3 നീതിന്യായവ്യവസ്ഥയെ അപമാനിക്കുകയും നിയമവൃത്തിയെ നെഗറ്റീവ് ആയി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് പരാതിക്കാരൻ ആരോപിച്ചു. ഇതേത്തുടർന്ന് സെപ്തംബർ 28-ന് ഹാജരാകാൻ അക്ഷയ് കുമാറിനും അർഷദ് വാർസിക്കും ഹാജരാകാൻ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ ഇതാദ്യമായല്ല പരാതി ഉയരുന്നത്. 2024 മെയ് മാസത്തിൽ, അജ്മീർ ഡിസ്ട്രിക്ട് ബാർ അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രഭാൻ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ പരാതി നൽകിയിരുന്നു. ജോളി എൽഎൽബി ഫ്രാഞ്ചൈസി ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ അനാദരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ചിത്രം ജഡ്ജിമാരെയും അഭിഭാഷകരെയും ‘നർമ്മവും അനാദരവും’ നിറഞ്ഞ രീതിയിൽ ചിത്രീകരിക്കുന്നതായും ചന്ദ്രഭാൻ പരാതിയിൽ പറഞ്ഞു. ജോളി എൽഎൽബി 3-ന്റെ ചിത്രീകരണം നിർത്തിവയ്ക്കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ജോളി എൽഎൽബി ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2013-ലാണ് പുറത്തിറങ്ങിയത്. 2017-ൽ രണ്ടാം ഭാഗവും തിയേറ്ററുകളിലെത്തി. ആദ്യ ചിത്രത്തിൽ സൗരഭ് ശുക്ലയും അർഷദ് വാർസിയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തപ്പോൾ രണ്ടാം ഭാഗത്തിൽ അർഷദ് വാർസിക്ക് പകരം അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തി. ഹുമ ഖുറേഷിയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. സ്റ്റാർ സ്റ്റുഡിയോ 18-ന്റെ ബാനറിൽ സുഭാഷ് കപൂർ എഴുതി സംവിധാനം ചെയ്യുന്ന ജോളി എൽഎൽബി 3-ൽ അക്ഷയ് കുമാർ, അർഷദ് വാർസി, സൗരഭ് ശുക്ല, ഹുമ ഖുറേഷി, അമൃത റാവു, ഗജ്രാജ് റാവു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയുണ്ട്.