അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബനീ ഹസനിലെ പ്രിന്‍സ് മുശാരി ബിന്‍ സൗദ് പാര്‍ക്ക് സന്ദര്‍ശകരുടെ മനം കവരുന്നു. അല്‍ബഹ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നയ ഈ പാര്‍ക്ക് അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും ആകര്‍ഷകമായ കാഴ്ചകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ക്കും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ പച്ചപ്പ് നിറഞ്ഞ പര്‍വതപ്രദേശങ്ങള്‍ക്കും പേരുകേട്ട പ്രിന്‍സ് മുശാരി പാര്‍ക്ക് വര്‍ഷം മുഴുവനും, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മനോഹരമായ അന്തരീക്ഷവും മിതമായ കാലാവസ്ഥയും കാരണം സന്ദര്‍ശകര്‍ക്കും അവധിക്കാലം ആഘോഷിക്കുന്നവര്‍ക്കും പ്രിയപ്പെട്ട സ്ഥലമാണ്.
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവര്‍ക്ക് പാര്‍ക്ക് സവിശേഷ ടൂറിസം അനുഭവം വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ വേനല്‍ക്കാലം കായിക വിനോദങ്ങള്‍ക്കൊപ്പം വര്‍ണാഭമാക്കുക എന്ന ശീര്‍ഷകത്തിലുള്ള കാമ്പെയ്നിന്റെ ഭാഗമായി അല്‍ബാഹ പ്രവിശ്യ സ്പോര്‍ട്സ് മന്ത്രാലയ ശാഖയും സൗദി ക്ലൈംബിംഗ് ആന്റ് ഹൈക്കിംഗ് ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഹൈക്കിംഗ് പ്രോഗ്രാം വേരിട്ട അനുഭവമായി. അല്‍ബാഹ സമ്മര്‍ സീസണിന്റെ ഭാഗമായി അല്‍ബാഹ നഗരസഭയുമായും ഹെല്‍ത്ത് ക്ലസ്റ്ററുമായും സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.