കൊച്ചി- കഴിഞ്ഞ കുറെ മാസങ്ങളായി സിനിമാ നടി നസ്രിയ ഫഹദിന്റെ അസാന്നിധ്യം സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു. നടി അഭിനയിച്ച സൂക്ഷ്മ ദർശിനി സിനിമയുടെ പ്രൊമോഷനിലടക്കമുള്ള അസാന്നിധ്യവും ചർച്ചയായി. അസാന്നിധ്യത്തിന്റെ കാരണം വ്യക്തമാക്കി നടി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. ഇത് കഠിനമായ യാത്രയാണെന്നും ഉടൻ തിരിച്ചുവരുമെന്നും നടി വ്യക്തമാക്കി. കുറിപ്പ് വായിക്കാം.
എല്ലാവർക്കും നമസ്കാരം,
നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്തുകൊണ്ടാണ് കുറച്ചുനാളായി ഞാൻ എല്ലായിടത്തുനിന്നും വിട്ടുനിന്നു എന്ന കാര്യം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, ഈ അത്ഭുതകരമായ സമൂഹത്തിലെ സജീവ അംഗമാണ് ഞാനും. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈകാരികവും വ്യക്തിപരവുമായ ചില കാരണങ്ങളാൽ എനിക്ക് എല്ലായിടത്തും എത്തിപ്പെടാൻ സാധിച്ചില്ല. എന്റെ മുപ്പതാം ജന്മദിനവും പുതുവത്സരവും ആഘോഷിക്കാൻ പോലും കഴിഞ്ഞില്ല, ‘സൂക്ഷ്മദർശിനി’ എന്ന സിനിമയുടെ വിജയാഘോഷത്തിലും മറ്റും പങ്കെടുക്കാനും സാധിച്ചില്ല. മറ്റ് നിരവധി പ്രധാന നിമിഷങ്ങളും നഷ്ടമായി. എന്നെ കാണാതായത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാത്തതിനും കോളുകൾ എടുക്കാത്തതിനും സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതിനും എന്റെ എല്ലാ സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നു. ഞാൻ കാരണം ഉണ്ടായ എല്ലാ വിഷമത്തിനും അസൗകര്യങ്ങൾക്കും മാപ്പ്.

ജോലിക്കായി എന്നെ ബന്ധപ്പെടാൻ ശ്രമിച്ച എന്റെ എല്ലാ സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. ഇന്നലെ എനിക്ക് മികച്ച നടിക്കുളള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു എന്ന വാർത്ത പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. എല്ലാ അംഗീകാരങ്ങൾക്കും അഭിനന്ദനങ്ങൾക്കും നന്ദി.ഇതൊരു കഠിനമായ യാത്രയായിരുന്നു, പക്ഷേ ഞാൻ ഓരോ ദിവസവും സുഖം പ്രാപിപ്പിക്കുന്നുണ്ട്. പൂർണ്ണമായും തിരിച്ചുവരാൻ എനിക്ക് കുറച്ചുകൂടി സമയം ആവശ്യമായി വന്നേക്കാം. പക്ഷേ ഞാൻ സുഖം പ്രാപിക്കാനുള്ള പാതയിലാണെന്ന് എല്ലാവരോടും വ്യക്തമാക്കുന്നു.
ഇങ്ങനെ അപ്രത്യക്ഷമായതിന് എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും വിശദീകരണം നൽകാൻ ഞാൻ കടപ്പെട്ടിരിക്കുന്നുവെന്ന് തോന്നിയതിനാലാണ് ഇത്രയും എഴുതിയത്. എല്ലാവരെയും സ്നേഹിക്കുന്നു. നിങ്ങളുടെ അനന്തമായ പിന്തുണക്ക് നന്ദി.