80 കളിലും 90 കളിലും ജനിച്ചവരുടെ നൊസ്റ്റാൾജിക്ക് ഓർമകളിലൊന്നാണ് എംടിവി മ്യൂസിക് ചാനൽ. സംഗീതത്തെ വെറും കേൾവി അനുഭവത്തിൽ നിന്നും ദൃശ്യാനുഭവത്തിലേക്ക് ഉയർത്തിയെടുത്ത മാന്ത്രികപ്പെട്ടി. പോപ് മ്യൂസിക്കും മെലഡിയും പുത്തൻ പാട്ടുകളുമൊക്കെയായി ഒരു വസന്തം തന്നെയായിരുന്നു എം ടിവി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ആ നൊസ്റ്റാൾജിക് അദ്ദ്യായം ഇവിടെ അവസാനിക്കുകയാണ്.
40 വർഷത്തിന് ശേഷം എംടിവി മ്യൂസിക് ചാനലുകൾ അടച്ചുപൂട്ടാൻ പോകുന്നു. ഉടമസ്ഥരായ പാരാമൗണ്ട് ഗ്ലോബലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഡിസംബർ 31-ഓടെ എംടിവി മ്യൂസിക്, എംടിവി 80സ്, എംടിവി 90സ്, ക്ലബ് എംടിവി, എംടിവി ലൈവ് എന്നീ ചാനലുകളുടെ സംപ്രേഷണം പൂർണമായും നിർത്തും. റിയാലിറ്റി ഷോകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന എംടിവി ചാനൽ മാത്രമേ ഇനി അവശേഷിക്കുകയുള്ളൂ.
എംടിവിയുടെ ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം കാഴ്ചക്കാരുടെ എണ്ണത്തിൽ വന്ന മാറ്റങ്ങളാണ്. ടിക് ടോക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ എന്നിവ സംഗീത ലോകം കീഴടക്കിയതോടെ എം ടിവി ചാനൽ പിൻതള്ളപ്പെട്ടു. ചാനലിലെ പരിപാടികൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി.
ഏതാനും മാസങ്ങൾക്ക് മുമ്പ് പാരാമൗണ്ട് ഗ്ലോബൽ സ്കൈഡാൻസ് മീഡിയയുമായി ലയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ആഗോളതലത്തിൽ 500 മില്ല്യൺ ഡോളർ ചെലവ് ചുരുക്കൽ പദ്ധതിക്ക് അവർ തുടക്കമിട്ടതായും റിപ്പോർട്ടുണ്ട്.
1981ല്‍ യുഎസിലാണ് എംടിവി ആരംഭിക്കുന്നത്. പിന്നാലെ യുകെയിലും ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു. വൈകാതെ പോപ് കള്‍ച്ചറിനെ സ്വാധീനിക്കുന്ന നിലയിലേക്ക് ചാനല്‍ വളർന്നു. മൈക്കൽ ജാക്‌സൻ്റെയും മഡോണയുടെയും വീഡിയോകൾ ടെലിവിഷൻ സ്ക്രീനിൽ ആദ്യമായി കാണിച്ചത് എംടിവിയായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്.
യു.കെ., അയർലൻഡ് എന്നിവിടങ്ങളിലെ ചാനലുകൾക്കാണ് ആദ്യം പൂട്ട് വീഴുന്നത്. തുടർന്ന് ഓസ്‌ട്രേലിയ, പോളണ്ട്, ഫ്രാൻസ്, ജർമ്മനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ഈ സംഗീത ചാനലുകൾ വിടപറയും.



