റിയാദ്– പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് ചുവടുവെച്ച പ്രവാസി വ്യവസായി ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള 49-ാമത് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹമായത്. ഒരു വ്യവസായി എന്ന നിലയിൽ നിന്ന് സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്രകാരനിലേക്കുള്ള ഷാജു വാലപ്പന്റെ ചുവടുവെപ്പിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നു.
ആധുനിക ഇന്ത്യയുടെ നേർചിത്രമാണ് ‘നിഴൽ വ്യാപാരികൾ’ എന്ന് പുരസ്കാര നിർണ്ണയ വേളയിൽ ജൂറി നിരീക്ഷിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും സമൂഹത്തിൽ നിന്നും അവഗണന നേരിടേണ്ടി വരുന്ന ഒരു ദളിത് യുവാവിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. അഴിമതിക്കും മായം ചേർക്കലിനുമെതിരെ നായകൻ നടത്തുന്ന പോരാട്ടം പ്രമേയമാക്കിയ ചിത്രം, സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതി വിവേചനങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് വിരൽചൂണ്ടുന്നു. കേവലം ഒരു ത്രില്ലർ എന്നതിലുപരി മികച്ച നിലവാരം പുലർത്തുന്ന ചിത്രം നേരത്തെ തന്നെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സംസ്ഥാന തലത്തിലെ ഈ നേട്ടത്തിന് മുൻപ് തന്നെ അന്താരാഷ്ട്ര തലത്തിലും ഷാജു വാലപ്പൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്തമായ രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, തിരുവനന്തപുരത്ത് നടന്ന 11-ാമത് സത്യജിത്ത് റേ ഗോൾഡൻ ആർക്ക് അവാർഡിലും മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
വാലപ്പൻ ക്രിയേഷൻസിന് ഇരട്ടി മധുരം നൽകിക്കൊണ്ട് കമ്പനി നിർമ്മിച്ച മറ്റൊരു ചിത്രമായ ‘സ്വാലിഹ്’ മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ സിദ്ധിക്ക് പറവൂർ മികച്ച സംവിധായകനുള്ള പുരസ്കാരത്തിനും അർഹനായി. ദീർഘകാലമായി റിയാദിൽ പ്രവാസിയായ ഷാജു വാലപ്പൻ കലയോടുള്ള അഭിനിവേശം കൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.



