ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു ജ്വലറിയുടെ പരസ്യം സ്ത്രീ മോഡലുകൾ ഇല്ലാതെ ചെയ്യുന്നത്. എത്ര ബ്രാൻഡ് മൂല്യമുള്ള പുരുഷൻ വന്നാലും ജ്വല്ലറിയുടെ പരസ്യം മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കണമെങ്കിൽ അതിൽ സ്ത്രീ തന്നെ അഭിനയിക്കണം. ഈ വാർപ്പ് മാതൃക പൊളിച്ചെഴുതിയാണ് മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. വിൻസ്മേര ജ്വൽസിൻറെ പരസ്യം ആണ് നിലവിൽ സമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
പരസ്യത്തിൽ കൂടെ അഭിനയിച്ചിരിക്കുന്നതും പരസ്യം സംവിധാനം ചെയ്തിരിക്കുന്നതും പ്രകാശ് വർമ്മയാണ്. ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കാനായി വരുന്ന മോഹൻലാൽ സ്വർണ്ണം ആരും കാണാതെ എടുത്ത് തൻറെ ക്യാരവനിലേക്ക് പോകുന്നു. സ്വർണ്ണം കാണാതെ പോയാതറിഞ്ഞ് ക്രൂ പരിഭ്രാന്തിയിലാവുകയും, വിവരം മോഹൻലാലിനെ അറിയിക്കാൻ ആയി അദ്ദേഹത്തിൻറെ ക്യാരവനിലേക്ക് പോകുന്നു. എന്നാൽ, മോഹൻലാൽ ഈ ആഭരണം അണിഞ്ഞു കൊണ്ട് സ്ത്രീകളെ പോലെ ക്യാരവനിൽ നൃത്തമാടുകയായിരുന്നു. വിവരം അറിയിക്കാൻ ആയി വരുന്ന പ്രകാശ് വർമ്മ ചേട്ടാ എന്ന് വിളിക്കുമ്പോൾ മോഹൻലാൽ സ്വബോധത്തിലേക്ക് വരുന്നതാണ് പരസ്യത്തിൻറെ ഇതിവൃത്തം.
മികച്ച അഭിനയം കാഴ്ചവെച്ചു എന്നും വളരെ മനോഹരമായ പരസ്യം എന്ന് തുടങ്ങുന്ന പ്രതികരണങ്ങൾ കൂടാതെ പരസ്യത്തെ വിമർശിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. തൻറെ ലാലേട്ടൻ എന്തിന് ഇത്തരം പരസ്യത്തിൽ അഭിനയിക്കുന്നു എന്ന് തൊട്ട് വ്യക്തിഹത്യ വരുന്ന വിമർശനങ്ങളും സമൂഹ്യമാധ്യമങ്ങളിൽ കാണാം. എന്ത് തന്നെ ആയാലും പരസ്യം അതിൻറെ പണി പൂർത്തീകരിച്ചിരിക്കുന്നു എന്നത് പ്രകാശ് വർമ്മക്ക് ആശ്വസിക്കാവുന്നതാണ്.