സൂപ്പർസ്റ്റാർ മമ്മൂട്ടി പൂർണാരോഗ്യം വീണ്ടെടുത്തുവെന്ന സൂചന നൽകി നിർമാതാവും സന്തത സഹചാരിയുമായ ആന്റോ ജോസഫ്. ഫേസ്ബുക്കിൽ മമ്മൂട്ടിയെ പരാമർശിക്കാതെ ആന്റോ ജോസഫ് ഇട്ട പോസ്റ്റാണ് മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള ശുഭവാർത്തയാണെന്ന് ആരാധകർ വിശ്വസിക്കുന്നത്. മമ്മൂട്ടിയുടെ സുഹൃത്തും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ കോഡിനേറ്ററുമായ അനുര മത്തായിയും സമാനമായ പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്.
‘ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു,
ദൈവമേ നന്ദി, നന്ദി, നന്ദി.’
എന്നാണ് ആന്റോ ജോസഫ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.


പോസ്റ്റിന് കമന്റ് രേഖപ്പെടുത്തിയവരിൽ മിക്കവരും മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള സന്തോഷവാർത്തയായാണ് ഇതിനെ കാണുന്നത്. സൂപ്പർ താരത്തിന്റെ നിരവധി സിനിമകൾ നിർമിച്ചിട്ടുള്ള ആന്റോയുടെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറും മമ്മൂട്ടിക്കൊപ്പം നിൽക്കുന്നതാണ്.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം അനുര മത്തായ് കുറിച്ചത് ഇങ്ങനെ:
‘കാത്തിരിപ്പ് ഉടൻ അവസാനിക്കും. ദൈവത്തിന്റെ അനുഗ്രഹത്താൽ നമ്മുടെ മമ്മൂക്ക തിരിച്ചെത്തിയിരിക്കുന്നു. നമ്മളെല്ലാം സ്‌നേഹത്തോടെയും പ്രാർത്ഥനകളോടെയും പ്രതീക്ഷയോടെയും കാത്തിരുന്നു. ഇന്ന് നമ്മുടെയെല്ലാം ഹൃദയം നിറഞ്ഞിരിക്കുന്നു.’


ആരോഗ്യപ്രശ്‌നങ്ങൾ കാരണം മമ്മൂട്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്തത് നിരവധി പ്രൊജക്ടുകളെ ബാധിച്ചിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിലാണ് താരം ചികിത്സ തേടുന്നത് എന്നാണ് വിവരം. മകനും നടനുമായ ദുൽഖർ സൽമാൻ തന്റെ ചില പ്രൊജക്ടുകൾ ഉപേക്ഷിച്ച് മമ്മൂട്ടിക്കൊപ്പം ചെന്നൈയിൽ ഉണ്ടായിരുന്നു. അതിനിടെ, താരം ആരോഗ്യം വീണ്ടെടുത്തുവെന്ന് സൂചന നൽകുന്ന ചില ചിത്രങ്ങൾ പുറത്തുവന്നത് ഏറെ ആഘോഷിക്കപ്പെട്ടു. അസുഖം ഭേദമായി മമ്മൂട്ടി വിശ്രമത്തിലാണെന്ന് താരത്തിന്റെ അനന്തിരവൻ അഷ്‌കർ സൗദാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തു.
അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെയാണ് മമ്മൂട്ടി ചികിത്സ തേടിയത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ, അർബുദം പൂർണമായി വിട്ടകന്നു എന്നതിന്റെ സൂചനയാണ് ആന്റോ ജോസഫും അനുര മത്തായിയും നൽകിയിരിക്കുന്നത് എന്നാണറിയുന്നത്. സെപ്തംബർ ഏഴിന് താരത്തിന്റെ ജന്മദിനം കാത്തിരിക്കുകയാണ് ആരാധകർ.